ഒരു വീട്ടിലെ ഒരാള്‍ക്ക് ജോലി കൊടുത്താല്‍ കുടുംബം മൊത്തം പാര്‍ട്ടിക്കൊപ്പം, സരിതയുടെ ശബ്ദരേഖയിങ്ങനെ

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില തൊഴില്‍ തട്ടിപ്പിന് ഇരയായ യുവാവുമായുള്ള സരിതയുടേതെന്ന് കരുതുന്ന പുതിയ ശബ്ദരേഖ പുറത്ത്. സി.പി.എമ്മിന് തന്നെ പേടിയാണെന്നും പിന്‍വാതില്‍ നിയമനം പാര്‍ട്ടി ഫണ്ടിനാണെന്നും സരിത ശബ്ദരേഖയില്‍ അവകാശവാദമുന്നയിക്കുന്നുണ്ട്.
” ഒരുവീട്ടില്‍ ഒരാള്‍ക്ക് ജോലികൊടുത്താല്‍ വീട്ടുകാര്‍ മൊത്തം കൂടെനില്‍ക്കുമെന്ന് സി.പി.എം കരുതുന്നുണ്ട്. അതുവഴി അവര്‍ക്ക് പാര്‍ട്ടിഫണ്ട് സ്വരൂപിക്കുകയും ചെയ്യാം. എന്നെ അവര്‍ക്ക് ചെറുതായി പേടിയുണ്ട്. അത് ഞാന്‍ യൂസ് ചെയ്യുകയാണ്” -സരിത ശബ്ദരേഖയില്‍ പറയുന്നു.
ആരോഗ്യകേരളം പദ്ധതിയില്‍ നാലുപേര്‍ക്ക് ജോലി നല്‍കിയെന്ന് ഇന്നലെ പുറത്തുവന്ന ശബ്ദരേഖയില്‍ സരിത പറഞ്ഞിരുന്നു. പരാതിക്കാരനായ അരുണുമായുള്ള സംഭാഷണമാണ് പുറത്തുവന്നത്. പിന്‍വാതില്‍ നിയമനത്തില്‍ ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയക്കാര്‍ക്കും പങ്കുണ്ടെന്നും ശബ്ദരേഖയില്‍ പറഞ്ഞിരുന്നു.
നാലുമാസം മുമ്ബാണ് സമ്മര്‍ദങ്ങള്‍ക്കൊടുവില്‍ തൊഴില്‍ത്തട്ടിപ്പ് കേസില്‍ സരിതക്കെതിരെ നെയ്യാറ്റിന്‍കര പൊലീസ് കേസെടുക്കുന്നത്. പരാതിക്കാര്‍ മൊഴിയും ഈ ശബ്ദരേഖയും പൊലീസിന് കൈമാറിയിട്ടുണ്ട്. ചാനലിലുള്‍പ്പെടെ സരിത പ്രത്യക്ഷപ്പെട്ടിട്ടും അവരെയും കൂട്ടാളികളെയും അറസ്റ്റ് ചെയ്യാനോ ചോദ്യം ചെയ്യാന്‍ പോലുമോ പൊലീസ് തയാറായിട്ടില്ലെന്ന ആക്ഷേപവും ശക്തമാണ്.