രവിശങ്കര്‍ പ്രസാദ് മാപ്പുപറഞ്ഞു; മാനനഷ്ടക്കേസ് പിന്‍വലിച്ച് ശശി തരൂര്‍
തിരുവനന്തപുരം: തനിക്കെതിരായ പരാമര്‍ശം പിന്‍വലിച്ച് മാപ്പുപറഞ്ഞതിനെ തുടര്‍ന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദിനെതിരേ നല്‍കിയ മാനനഷ്ടക്കേസ് അവസാനിപ്പിക്കുന്നതായി ശശി തരൂര്‍ എംപി അറിയിച്ചു. തരൂരിനെതിരേ താന്‍ നടത്തിയ പ്രസ്താവന തെറ്റായിരുന്നുവെന്ന് ബോധ്യപ്പെട്ടതായും തനിക്ക് വീഴ്ചപറ്റിയതായും സമ്മതിച്ച് രവിശങ്കര്‍ പ്രസാദ് നേരത്തേ തരൂരിന് കത്തയച്ചിരുന്നു.
തുടര്‍ന്നാണ് തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസട്രേറ്റ് കോടതിയില്‍ രവിശങ്കര്‍ പ്രസാദിനെതിരേ നല്‍കിയ മാനനഷ്ടക്കേസ് പിന്‍വലിക്കാന്‍ തരൂര്‍ തയ്യാറായത്.
2018ലാണ് കൊലപാതകക്കേസിലെ പ്രതിയാണ് തരൂര്‍ എന്ന ആരോപണം രവിശങ്കര്‍ പ്രസാദ് നടത്തിയത്. ഇത് പിന്‍വലിച്ച് മാപ്പുപറയണമെന്നാവശ്യപ്പെട്ട് തരൂര്‍, രവിശങ്കര്‍ പ്രസാദിന് നോട്ടീസയച്ചിരുന്നു. പരാമര്‍ശത്തില്‍ അദ്ദേഹം ഉറച്ചുനിന്നതോടെ തരൂര്‍ കേസുമായി മുന്നോട്ടുപോവുകയായിരുന്നു.