കരുവാറ്റ സഹകരണ ബാങ്കില്‍ കവര്‍ച്ച; നാലര കിലോ സ്വര്‍ണവും നാല് ലക്ഷവും കവർന്നു.

ആലപ്പുഴ ജില്ലയിലെ കരുവാറ്റ സര്‍വീസ് സഹകരണ ബാങ്കില്‍ വന്‍ കവര്‍ച്ച നടന്നു. ബാങ്കിലെ ലോക്കര്‍ തകര്‍ത്ത് നാലരക്കിലോ സ്വര്‍ണവും നാല് ലക്ഷം രൂപയും ആണ് കവർച്ച ചെയ്യപ്പെട്ടത്. കരുവാറ്റയിലെ ടി ബി ജംങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കിന്റെ മുന്‍വശത്തെ ജനലിന്റെ ഇരുമ്പുകമ്പികള്‍ തകര്‍ക്കപ്പെട്ടിരിക്കുകയായിരുന്നു. ബാങ്ക് ലോക്കര്‍ ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് പൊളിച്ചതായും കണ്ടെത്തി. ഓഗസ്റ്റ് 27 നാണ് ബാങ്ക് അവസാനമായി തുറന്നു പ്രവര്‍ത്തിച്ചത്. തുടര്‍ന്നുള്ള അഞ്ച് ദിവസത്തേക്ക് ബാങ്ക് അവധിയായിരുന്നു. എപ്പോഴാണ് മോഷണം നടന്നതെന്ന കാര്യത്തില്‍ ഇനിയും വ്യക്തത വന്നിട്ടില്ല.
ലോക്കര്‍ തകര്‍ക്കാന്‍ ഉപയോഗിച്ച ഗ്യാസ് കട്ടറിന്റെ സിലിണ്ടര്‍ ബാങ്കിനകത്തു തന്നെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. ഒന്നിലധികം പേര്‍ ചേര്‍ന്നാണ് മോഷണം നടത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഹരിപ്പാട് പൊലീസ് അന്വേഷണം നടത്തിവരുകയാണ്. നഷ്ടപ്പെട്ട സ്വര്‍ണത്തിന്റെ മൂല്യം കോടികള്‍ വരും. ബാങ്ക് ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തി. ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തുകയുണ്ടായി.