യു.ഡി.എഫിൽ ആധിപത്യത്തിന് ലീഗ് ശ്രമിക്കുന്നു,കോടിയേരി.

യു.ഡി.എഫിൽ ആധിപത്യത്തിന് ലീഗ് ശ്രമിക്കുന്നതായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ലീഗിനെ നയിക്കുന്നത് ജമാഅത്തെ ഇസ്‍ലാമിയാണ്. ലോക്സഭയിൽ യു.ഡി.എഫ് എം.പിമാർ ബി.ജെ.പിയുടെ ബി ടീമായി മാറിയതായി കോടിയേരി കുറ്റപ്പെടുത്തി. കർഷക ബില്ലിനെതിരെ സി.പി.എം അംഗങ്ങൾ രാജ്യസഭയിൽ പോരാടിയപ്പോൾ, ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 19 യു.ഡി.എഫ് അംഗങ്ങൾ മൗനം പാലിക്കുകയായിരുന്നു. കർഷക വിരുദ്ധ ബില്ല് വോട്ടിനിടണമെന്ന് വാദിക്കാൻ പോലും കോൺഗ്രസ് ശ്രമിച്ചില്ല. പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗതീരുമാനങ്ങൾ വിശദീകരിച്ച് കൊണ്ട് നടത്തിയ വാർത്താ സമ്മേളനത്തിൽ ആണ് കോടിയേരി ബാലകൃഷ്ണൻ ഈ ആരോപണങ്ങൾ ഉന്നയിച്ചത്.
മാറാട് കലാപം സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്തവരാണ് ആര്‍.എസ്.എസും ബി.ജെ.പിയും. സമരത്തിന്റെ നേതാവായിരുന്നു കുമ്മനം രാജശേഖരന്‍. അവസാനം പ്രക്ഷോഭം എങ്ങനെ ഒത്തുതീര്‍പ്പാക്കി എന്നതിനെക്കുറിച്ച് മാധ്യമ പ്രവര്‍ത്തകന്‍ എന്‍.പി രാജേന്ദ്രന്‍തന്നെ എഴുതി. ബി.ജെ.പിക്ക് അധികാരം കിട്ടിയിട്ടും മാറാട് കലാപക്കേസ് സി.ബി.ഐയെക്കോണ്ട് അന്വേഷിപ്പിക്കാത്തത് എന്തുകൊണ്ടാണ്. രാഷ്ട്രീയ ലക്ഷ്യംവച്ചാണ് ചിലകേസ് സി.ബി.ഐയെക്കൊണ്ട് അന്വേഷിപ്പിക്കുകയും മറ്റുചില കേസ് അന്വേഷിപ്പിക്കാതിരിക്കുകയും ചെയ്യുന്നതെന്ന് വ്യക്തമല്ലേ ? എന്നാണു കോടിയേരി ചോദിച്ചത്.
സാധാരണ കേസുകള്‍ സിബിഐ ഏറ്റെടുക്കുന്നതിന് നടപടിക്രമങ്ങളുണ്ട്. സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ ചെയ്യുകയോ ഹൈക്കോടതി നിര്‍ദ്ദേശിക്കുകയോ വേണം. അതില്‍നിന്ന് വ്യത്യസ്തമായാണ് ഇവിടെ സംഭവിച്ചത്. അതിനാലാണ് അസാധാരണ നടപടിയെന്ന് പറയുന്നത്. ഇത്തരം നീക്കങ്ങളിലൂടെ ഇടതുപക്ഷത്തെ തകര്‍ക്കാനോ സര്‍ക്കാരിനെ അട്ടിമറിക്കാനോ സാധിക്കില്ല. പല സംസ്ഥാനങ്ങളിലും നടത്തിയ നീക്കങ്ങള്‍ കേരളത്തിലും നടത്തുന്നതിന്റെ തുടക്കമാണിത്. ഇത്തരത്തിലുള്ള ഇടപെടലുകള്‍ ഇനിയുമുണ്ടാകും. ജനങ്ങള്‍ ജാഗ്രത പാലിക്കണം.
1957 ല്‍ ഇ.എം.എസ് സര്‍ക്കാര്‍ വന്നപ്പോള്‍ സി.ഐ.എയുടെ പണം വാങ്ങി സമരം നടത്തിയവരാണ് കോണ്‍ഗ്രസുകാരെന്നു പറഞ്ഞ കോടിയേരി, ഇപ്പോള്‍ കോര്‍പറേറ്റുകളെ ഉപയോഗിച്ച് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായും ആരോപിക്കുകയുണ്ടായി.