
ന്യൂഡല്‍ഹി: ബ്രേക്ക് ശരിയാക്കാന്‍ പറ്റാത്ത മെക്കാനിക് ഹോണ്‍ ശബ്ദം കൂട്ടി വയ്ക്കുന്നതു പോലെയാണ് നിര്‍മ്മല സീതാരാമന്‍ അവതരിപ്പിച്ച കേന്ദ്ര ബഡ്ജറ്റെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. തെറ്റായ രോഗ നിര്‍ണയവും തെറ്റായ ചികിത്സയുമാണ് ബഡ്ജറ്റിലുളളതെന്നാണ് കോണ്‍ഗ്രസിന്റെ വിമര്‍ശനം.
‘ബ്രേക്ക് നന്നാക്കാനായില്ല, അതുകൊണ്ട് ഹോണ്‍ ശബ്ദം കൂട്ടിയിട്ടുണ്ട്’ വാഹന ഉടമയോട് ഇങ്ങനെ പറഞ്ഞ മെക്കാനിക്കിനെയാണ് ബി ജെ പി സര്‍ക്കാരിന്റെ ബഡ്ജറ്റ് ഓര്‍മ്മിപ്പിക്കുന്നതെന്നായിരുന്നു തരൂര്‍ ട്വീറ്റ് ചെയ്തത്. ധീരത പ്രകടിപ്പിക്കേണ്ട സമയത്ത് ഭീരുവാവുകയാണ് ധനമന്ത്രി ചെയ്തതെന്നായിരുന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ്മയുടെ വിമര്‍ശനം. കരുത്തുറ്റ ഒരു ബഡ്ജറ്റ് ആയിരുന്നു രാജ്യത്തിന് വേണ്ടത്. ദുര്‍ബല വിഭാഗങ്ങളുടെ കൈയിലേക്ക് നേരിട്ട് ആനുകൂല്യം എത്തുന്ന വിധത്തില്‍ വേണമായിരുന്നു പ്രഖ്യാപനങ്ങളെന്നും ആനന്ദ് ശര്‍മ്മ പറഞ്ഞു.
തെറ്റായ രോഗനിര്‍ണയവും തെറ്റായ ചികിത്സയുമാണ് ബഡ്ജറ്റിലുളളതെന്നായിരുന്നു കോണ്‍ഗ്രസ് വക്താവ് ജയദിപ് ഷെര്‍ഗില്‍ പരിഹസിച്ചത്.