Latest NewsNews

വോട്ടര്‍ പട്ടികയില്‍ പേരില്ലാതെ ശശികല

തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കുമ്പോള്‍ തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജെ ജയലളിതയുടെ തോഴി വി കെ ശശികലയുടെ പേരും വോട്ടര്‍ പട്ടികയിലില്ല. ജയലളിതയുടെ പോയസ് ഗാര്‍ഡനില്‍ നിന്ന് നീക്കിയ പത്തൊമ്പത് വോട്ടര്‍മാരുടെ പേരിനൊപ്പം വി കെ ശശികലയുടെ പേരും ഉള്‍പ്പെട്ടു. ശശികലയുടെ ബന്ധു ജെ ഇളവരസിയുടേയും പേരും നീക്കിയിട്ടുണ്ട്. പോയസ് ഗാര്‍ഡനെ സ്മൃതി മണ്ഡപമാക്കാനുള്ള നടപടികളെത്തുടര്‍ന്നാണ് ശശികലയുടെ പേര് നീക്കിയതെന്നാണ് വിവരം .

അതേസമയം ശശികലയുടെ ബന്ധു ഇളവരസിയുടെ മകന്‍ വിവേക് ജയറാം വോട്ടര്‍പട്ടികയില്‍ ഇടം നേടി. മറ്റൊരു അഡ്രസില്‍ നിന്നാണ് വിവേക് ജയറാം വോട്ടര്‍ പട്ടികയില്‍ സ്ഥാനം നേടിയത്. 2019ല്‍ ജയിലില്‍ ആയിരുന്നതിനാല്‍ ശശികലയുടെ പേര് പട്ടികയില്‍ ഉണ്ടോയെന്നത് ശ്രദ്ധിച്ചിരുന്നില്ല. എന്നാല്‍ ജയില്‍ ശിക്ഷ പൂര്‍ത്തിയാക്കി പുറത്തെത്തിയ ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പായതോടെ വോട്ടര്‍ പട്ടികയില്‍ പേരില്ലെന്നത് ശ്രദ്ധയില്‍പ്പെടുന്നത് .

ജയിലില്‍ നിന്ന് വിട്ടയച്ചതിന് പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നെങ്കിലും പട്ടിക അതിനോടകം പൂര്‍ത്തിയാക്കി പ്രസിദ്ധപ്പെടുത്തിയിരുന്നു. അതെ സമയം ശശികലയുടെ പേര് വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കിയതില്‍ രൂക്ഷമായാണ് തമിഴ് രാഷ്ട്രീയ നേതാക്കളുടെ പ്രതികരണം. വോട്ടറെ വിവരം അറിയിക്കാതെ എങ്ങനെ പേര് നീക്കാനാവുമെന്നാണ് തൗസന്‍ഡ് ലൈറ്റ്‌സ് നിയോജക മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി കൂടിയായ എന്‍ വൈദ്യനാഥന്‍ ചോദിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ വേദ നിലയം ഏറ്റെടുത്തപ്പോഴെ ശശികലയുടെ പേര് പട്ടികയില്‍ നിന്ന് നീക്കുന്ന വിവരം ജയിലിലായിരുന്ന ശശികലയ്ക്ക് നല്‍കിയെന്നാണ് ശശികലയുടെ അനുയായി വെളിപ്പെടുത്തുന്നത് . എന്നാല്‍ മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമിയുടെ പ്രത്യേക നിര്‍ദ്ദേശമനുസരിച്ചാണ് ശശികലയുടെ പേര് നീക്കിയതെന്നാണ് വൈദ്യനാഥന്‍ അവകാശപ്പെടുന്നത് .

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button