HomestyleKerala NewsPolitics

ആക്രമിക്കുന്നത് ആദിവാസി സ്ത്രീ ആയതിനാല്‍; കോഴ ആരോപണങ്ങള്‍ നിഷേധിച്ച്‌ സി കെ ജാനു

കല്‍പ്പറ്റ: ആദിവാസിയായ സ്ത്രീയെന്ന നിലയില്‍ തന്നെ എല്ലാത്തരത്തിലും കടന്നാക്രമിക്കുന്ന രീതിയാണ് ഇപ്പോള്‍ കാണുന്നതെന്ന് സി കെ ജാനു. ആരോപണങ്ങള്‍ തനിക്ക് നേരെയാണ്. താന്‍ മാത്രമാണ് ആക്രമിക്കപ്പെടുന്നത്. തന്നെ വ്യക്തിപരമായി ചിലര്‍ തേജോവധം ചെയ്യുകയാണ്. സ്വര്‍ണക്കടത്ത് ഉള്‍പ്പടെ സംഭവങ്ങളുണ്ട്. അതിലൊന്നും നടപടിയില്ല. സി കെ ജാനു ആദിവാസി ആയതുകൊണ്ട് എന്തുമാവാമെന്നാണോ? അത് ജനാധിപത്യകേരളത്തിന് അപമാനമാണ്. സുരേന്ദ്രന്റെയും പ്രസീതയുടെയും ഫോണ്‍ സംഭാഷണം സംബന്ധിച്ച്‌ വാര്‍ത്തകളിലൂടെയാണ് അറിയുന്നതെന്നും സി കെ ജാനു വ്യക്തമാക്കി.

തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച്‌ സി കെ ജാനുവിന് ബിജെപി നേതാക്കള്‍ പണം കൈമാറിയെന്ന് ജെആര്‍പി സംസ്ഥാന ട്രഷര്‍ പ്രസീത വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങളോട് പ്രതികരിക്കുകയായിരുന്നു സി കെ ജാനു. അതേസമയം, തനിക്കെതിരേ ഉയര്‍ന്ന കോഴ ആരോപണങ്ങളെല്ലാം സി കെ ജാനു വാര്‍ത്താസമ്മേളനത്തില്‍ നിഷേധിച്ചു. ഓരോ വിവാദങ്ങള്‍ വന്നപ്പോഴും കൃത്യമായ മറുപടി താന്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍, ആ മറുപടിയില്‍ തൃപ്തിയില്ലെന്ന നിലയില്‍ വീണ്ടും വിവാദങ്ങള്‍ വന്നുകൊണ്ടിരിക്കുകയാണ്. ഈ ആക്രമണങ്ങള്‍ക്ക് പിന്നില്‍ ആദിവാസി സ്ത്രീകള്‍ രാഷ്ട്രീയരംഗത്തേക്ക് വരാന്‍ പാടില്ലെന്ന ചിന്ത യഥാര്‍ഥത്തില്‍ ഉണ്ടോ? തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുയരുന്ന വിവാദങ്ങള്‍ അറിയാം.

എന്നാല്‍, ഇപ്പോള്‍ വ്യക്തിപരമായി തേജോവധം ചെയ്യുന്ന രീതിയിലുളള വാര്‍ത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. സി കെ ജാനുവിന് പുതിയൊരു വീടുണ്ടാക്കാന്‍ പറ്റില്ല, വണ്ടി വാങ്ങാന്‍ പറ്റില്ല, സാരി വാങ്ങാന്‍ പറ്റില്ല. പ്രാചീനയുഗത്തിലെ കാലഘട്ടമാണോ ഇപ്പോള്‍ നടക്കുന്നത്. ഇത്തരം കാര്യങ്ങളൊന്നും ആദിവാസിയായ സ്ത്രീയെന്ന നിലയില്‍ എനിക്ക് ഉപയോഗിച്ചുകൂടെ. ഇത്തരം നടപടികള്‍ ജനാധിപത്യബോധമുളളവര്‍ക്ക് യോജിച്ചതല്ലെന്ന് പറഞ്ഞ ജാനു, താന്‍ ആത്മഹത്യ ചെയ്യണമെന്നാണോ ഉദ്ദേശിക്കുന്നതെന്നും ചോദിച്ചു.

ഒരു വാര്‍ത്ത ഉണ്ടാവുമ്ബോള്‍ അതെക്കുറിച്ച്‌ അടിസ്ഥാനപരമായി പരിശോധിക്കുകയൊന്നും ചെയ്യാതെ പ്രസ്താവന നടത്തുന്നത് നല്ല ശീലമല്ല. എനിക്കെതിരേ വന്നിട്ടുളളവര്‍ കേസുമായി കോടതിയിലാണ്. കേസ് അതിന്റെ രീതിയില്‍ നടക്കട്ടേ, തെളിവുകള്‍ കോടതിയില്‍ ഹാജരാക്കട്ടെ. അതിന് അനുസരിച്ചുളള നിയമനടപടികളുണ്ടാക്കട്ടേ. നിയമനടപടികളില്‍നിന്ന് ഞാന്‍ ഒളിച്ചോടില്ല. ഒരുപാട് കേസുകളും പീഡനങ്ങളും നേരിട്ട വ്യക്തിയാണ്. ജയില്‍ എനിക്ക് പുതിയ സംവിധാനമല്ല. ഒരു കാരണവശാലും ഒരു കേസില്‍ നിന്നും ഞാന്‍ പിന്നോട്ടുപോവില്ല. എല്ലാവിധ തെളിവെടുപ്പിനും കൂടെയുണ്ടാവും. തെറ്റുചെയ്തിട്ടുണ്ടെങ്കില്‍ തൂക്കിക്കൊല്ലാന്‍ വിധിച്ചാല്‍ അതിനും തയ്യാറാണെന്നും സി കെ ജാനു കൂട്ടിച്ചേര്‍ത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button