വരുന്നു കരിപ്പൂരിലേക്ക് സൗദി എയർലൈൻസ്, ആകാശ എയർ, ഫ്ലൈ 91 വിമാനക്കമ്പനികളുടെ കൂടുതൽ സർവീസുകൾ
കോഴിക്കോട് വിമാനത്താവളത്തിൽ അഞ്ചു വർഷത്തിനിടെ യാത്രക്കാരുടെ എണ്ണത്തിൽ വലിയ വർധനയുണ്ട്

യാത്രക്കാരുടെ എണ്ണത്തിൽ വൻ വർദ്ധന ഉണ്ടായ സാഹചര്യത്തിൽ കരിപ്പൂർ വിമാനത്താവളത്തിലേക്ക് കൂടുതൽ വിമാന സർവീസുകൾ എത്തുന്നു. സൗദി എയർലൈൻസ്, ആകാശ എയർ, ഫ്ലൈ 91 വിമാനക്കമ്പനികളാണ് പുതിയ സർവീസുകളുമായി കരിപ്പൂരിലേക്കെത്തുന്നത്.
ആകാശ എയർ ഒക്ടോബർ ഒന്നു മുതൽ മുംബൈ -കോഴിക്കോട് സർവീസ് ആരംഭിക്കും. സൗദി സെക്ടറിലേക്കും ആകാശ എയർ സർവീസ് ആരംഭിക്കുമെന്നു സൂചനയുണ്ട്. സൗദി എയർലൈൻസ് റിയാദ് -കോഴിക്കോട് സർവീസും ഫ്ലൈ 91 കോഴിക്കോട് -ഗോവ സർവീസുമാണ് ആദ്യഘട്ടത്തിൽ ആരംഭിക്കുക. നിലവിൽ കോഴിക്കോട്ടുനിന്നു ഗോവയിലേക്കു നേരിട്ട് സർവീസ് ഇല്ല.
സൗദി എയർലൈൻസ് റിയാദിനു പുറമേ ജിദ്ദയിലേക്കും ഫ്ലൈ 91 ഗോവയ്ക്കു പുറമേ ലക്ഷദ്വീപിലെ അഗത്തിയിലേക്കും സർവീസ് നടത്താനുള്ള സാധ്യതയുണ്ട്. ഒക്ടോബർ 26 നു ശേഷമുള്ള ശൈത്യകാല ഷെഡ്യൂളിൽ പുതിയ സർവീസുകൾ ഉണ്ടാകുമെന്നാണു പ്രതീക്ഷിക്കുന്നത്.
കോഴിക്കോട്ടുനിന്ന് പുതുതായി ആരംഭിച്ച ലക്ഷദ്വീപ്, ക്വാലാലംപൂർ സർവീസുകൾക്ക് മികച്ച പ്രതികരണമാണ്. കോഴിക്കോട് വിമാനത്താവളത്തിൽ അഞ്ചു വർഷത്തിനിടെ യാത്രക്കാരുടെ എണ്ണത്തിൽ വലിയ വർധനയുണ്ട്.യാത്രി സേവ ദിവസിൻ്റെ ഭാഗമായി കരിപ്പൂർ വിമാനത്താവളത്തിൽ എത്തുന്ന യാത്രക്കാരെ മധുരവും പൂച്ചെണ്ടും നൽകി സ്വീകരിച്ചു. വിവിധ കലാപരിപാടികളും വിമാനത്താവളത്തിനുള്ളിൽ ഒരുക്കിയിരുന്നു.