പൂഞ്ചില്‍ രണ്ടു സൈനികര്‍ക്ക് വീരമൃത്യു
ശ്രീനഗര്‍: ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ക്ക് വീരമൃത്യു. ഒരു സൈനിക ഓഫീസറും ഒരു സൈനികനുമാണ് വീരമൃത്യു വരിച്ചത്. മേഖലയില്‍ ഏറ്റുമുട്ടല്‍ തുടരുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. സൈന്യം മേഖലയില്‍ ഭീകരര്‍ക്കായുള്ള ശക്തമാക്കിയിരിക്കുകയാണ്. ഇതേത്തുടര്‍ന്ന് ജമ്മു-പൂഞ്ച്-രജൗറി ഹൈവെ അടച്ചു.
നുഴഞ്ഞുകയറിയ ഭീകരര്‍ക്കായി പൂഞ്ചിലെ നല്കാസ് വനത്തില്‍ തിരച്ചില്‍ നടത്തുന്നതിനിടെയാണ് സൈനിക ഓഫീസര്‍ക്കും സൈനികനും ഗുരുതരമായി പരുക്കേറ്റതെന്ന് ഇന്നലെ സൈന്യം അറിയിച്ചിരുന്നു. കഴിഞ്ഞദിവസം പൂഞ്ചില്‍ ഭീകരരുമായി നടന്ന ഏറ്റുമുട്ടലില്‍ ഒരു മലയാളി ഉള്‍പ്പെടെ അഞ്ച് ഇന്ത്യന്‍ സൈനകര്‍ വീരമൃത്യു വരിച്ചിരുന്നു. കഴിഞ്ഞ നാലുദിവസങ്ങളായി മേഖലയില്‍ ഭീകരര്‍ക്കായുള്ള തിരച്ചില്‍ സേന തുടരുകയാണ്. ഈ ഭീകരരുമായുള്ള ഏറ്റുമുട്ടലിലാണ് രണ്ടു സൈനികര്‍ കൂടി കൊല്ലപ്പെട്ടിരിക്കുന്നത്.
സുരാന്‍കോട്ട് വനമേഖലയില്‍ ഭീകരര്‍ ഒളിവില്‍ കഴിയുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് ഇന്നലെ പുലര്‍ച്ചെ സൈന്യം തിരച്ചില്‍ നടത്തുന്നതിനിടെയാണ് ഭീകരാക്രമണം ഉണ്ടായത്. ഒളിച്ചിരുന്ന ഭീകരര്‍ സൈനികര്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് തിരിച്ചടിച്ച സൈന്യം ദക്ഷിണ കശ്മീരിലെ ഷോപിയാനില്‍ രണ്ടിടത്തായി അഞ്ചു ഭീകരരെ വധിച്ചു.
കശ്മീരില്‍ സൈന്യം ഭീകരവിരുദ്ധ നടപടി ശക്തമാക്കിയിരിക്കുകയാണ്. ഐഎസ്ഐ പിന്തുണയുള്ള ഭീകരര്‍ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറുന്നത് വ്യാപകമായതോടെ ഇന്ത്യ ഇനിയും സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്താന്‍ മടിക്കില്ലെന്ന് പാക്കിസ്ഥാന് ആഭ്യന്തരമന്ത്രി അമിത് ഷാ മുന്നറിയിപ്പ് നല്‍കിയിരുന്നു.