പന്തീരങ്കാവ് യുഎപിഎ കേസ്; താഹയുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി, ഉടൻ കീഴടങ്ങാൻ ഉത്തരവ്.

കൊച്ചി / പന്തീരങ്കാവ് യുഎപിഎ കേസിൽ താഹയുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി. താഹ ഉടൻ കീഴടങ്ങണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. എന്നാൽ അലൻ ഷുഹൈബിന്റെ ജാമ്യം കോടതി റദ്ദാക്കിയില്ല. അലന്റെ പ്രായം കണക്കിലെടുത്താണ് തീരുമാനമെന്ന് കോടതി വ്യക്തമാക്കി. അലൻ വിദ്യാർഥിയാണെന്നും ചികിത്സ ആവശ്യമാണെന്നും കൂടാതെ അലനിൽ നിന്നും പിടിച്ചെടുത്ത ലഘുലേഖകൾ ജാമ്യം റദ്ദാക്കാൻ പര്യാപ്തമല്ലെന്നും കോടതി നിരീക്ഷിക്കുകയായിരുന്നു. താഹയുടെ കൈയിൽ നിന്ന് പിടിച്ചെടുത്ത തെളിവുകളെല്ലാം യുഎപിഎ കേസ് നിലനിർത്താൻ പര്യാപ്‌തമാണെന്ന എൻഐഎയുടെ വാദം കോടതി അംഗീകരിച്ചു. ഇരുവരുടെയും ജാമ്യം റദ്ദാക്കണമെന്ന എൻഐഎയുടെ ഹർജി പരിഗണിച്ചാണ് കോടതി വിധി പറഞ്ഞത്. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് 2019 നവംബര്‍ ഒന്നിനാണ് അലനെയും താഹയെയും പന്തീരാങ്കാവ് പോലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് 2020 സെപ്‌തംബർ ഒമ്പതിന് കോടതി കർശന ഉപാധികളോടെ ഇരുവർക്കും ജാമ്യം അനുവദിക്കുകയായിരുന്നു. എന്നാൽ ഇതിനെതിരെ എൻഐഎ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.