Kerala NewsLatest NewsNationalNews

ലക്ഷദ്വീപിനെ തകര്‍ക്കാനുള്ള നീക്കത്തിനെതിരെ വന്‍ പ്രതിഷേധം; ട്വിറ്ററില്‍ ട്രെന്‍ഡായി സേവ് ലക്ഷദ്വീപ് ക്യാമ്ബയിന്‍

ലക്ഷദ്വീപ് ജനതയുടെ സ്വസ്ഥജീവിതം തകര്‍ക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം കനക്കുന്നു. സിനിമാ താരങ്ങളായ പ്രിഥ്വിരാജ്, സണ്ണി വെയിന്‍, ഗീതുമോഹന്‍ദാസ്, അന്‍സിബ ഹസന്‍, ഫുട്ബോള്‍ താരം സി.കെ വിനീത് തുടങ്ങിയവര്‍ ദ്വീപ് ജനതക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തി. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ നടപടി വിചിത്രമാണെന്ന് പ്രിഥ്വിരാജ് ട്വീറ്റ് ചെയ്തു.

ലക്ഷദ്വീപ്.. ആറാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഉല്ലാസയാത്രയ്ക്ക് പോയതാണ് മനോഹരമായ ഈ ദ്വീപിനെ കുറിച്ചുള്ള എന്റെ ആദ്യ ഓര്‍മ്മകള്‍. വര്‍ഷങ്ങള്‍ക്കുശേഷം, സച്ചിയുടെ അനാര്‍ക്കലി ടീമിനൊപ്പം ഇവിടെയെത്തി. അന്ന് ഞാന്‍ കവരത്തിയില്‍ രണ്ട് മാസം ചെലവഴിച്ചു. ജീവിതകാലം മുഴുവന്‍ ഒപ്പമുണ്ടാകുന്ന സുഹൃത്തുക്കളെയും ഓര്‍മകളെയും സ്വന്തമാക്കി. രണ്ട് വര്‍ഷം മുമ്ബ് സംവിധായകനായി അരങ്ങേറ്റം കുറിച്ച ലൂസിഫറിനായി വീണ്ടുമെത്തി.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഈ ദ്വീപിലെ എനിക്കറിയുന്നതും അറിയാത്തതുമായ ആളുകളില്‍ നിന്ന് നിരാശ നിറഞ്ഞ സന്ദേശങ്ങള്‍ ലഭിക്കുന്നു. അവിടെ നടക്കുന്ന കാര്യങ്ങളില്‍ പൊതുജനശ്രദ്ധ ആകര്‍ഷിക്കാന്‍ എനിക്ക് കഴിയുന്നത് ചെയ്യാന്‍ അവര്‍ അഭ്യര്‍ഥിക്കുന്നു, അപേക്ഷിക്കുന്നു. എന്തുകൊണ്ടാണ് പുതിയ അഡ്മിനിസ്ട്രേറ്ററുടെ പരിഷ്‌കാരങ്ങള്‍ തികച്ചും വിചിത്രമെന്ന് തോന്നുന്നതെന്ന് ഞാന്‍ ദീര്‍ഘമായി പറയാന്‍ ഉദ്ദേശിക്കുന്നില്ല. അത്തരം കാര്യങ്ങള്‍ വായിക്കാന്‍ നിങ്ങള്‍ക്ക് താല്‍പ്പര്യമുണ്ടെങ്കില്‍ ഓണ്‍ലൈനില്‍ ലഭ്യമാണ്.

എനിക്കറിയാവുന്ന കാര്യമെന്തെന്നാല്‍ എനിക്കറിയാവുന്ന ദ്വീപുനിവാസികളാരും എന്നോട് സംസാരിച്ചവരാരും ഇപ്പോള്‍ നടക്കുന്ന കാര്യങ്ങളില്‍ സന്തുഷ്ടരല്ല. ഏതെങ്കിലും നിയമമോ പരിഷ്‌കരണമോ ഭേദഗതിയോ ഭൂമിക്കുവേണ്ടിയല്ല, മറിച്ച് ആ ദേശത്തെ ജനങ്ങള്‍ക്ക് വേണ്ടിയാണെന്ന് ഞാന്‍ ശക്തമായി വിശ്വസിക്കുന്നു. ഒരു രാജ്യത്തെയോ സംസ്ഥാനത്തെയോ ഒരു കേന്ദ്ര ഭരണ പ്രദേശത്തെയോ സൃഷ്ടിക്കുന്നത് ഭൂമിശാസ്ത്രപരമോ രാഷ്ട്രീയമോ ആയ അതിര്‍ത്തിയല്ല. മറിച്ച് അവിടെ താമസിക്കുന്ന ആളുകളാണ്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള സമാധാനപരമായ ജീവിതരീതിയെ തടസ്സപ്പെടുത്തുന്നത് എങ്ങനെ പുരോഗതിയുടെ സ്വീകാര്യമായ മാര്‍ഗമായി മാറുന്നു?

എനിക്ക് ഈ വ്യവസ്ഥയില്‍ വിശ്വാസമുണ്ട്, നമ്മുടെ ജനങ്ങളില്‍ അതിലേറെ വിശ്വാസമുണ്ട്. നാമനിര്‍ദേശം ചെയ്യപ്പെട്ട ഒരു അതോറിറ്റിയുടെ തീരുമാനങ്ങളില്‍ ഒരു സമൂഹം മുഴുവനും അസംതൃപ്തരാകുമ്‌ബോള്‍ ജനങ്ങള്‍ക്ക് പറയാനുള്ളത് കേള്‍ക്കണം. അല്ലാതെ മറ്റൊരു മാര്‍ഗവുമില്ലെന്ന് ഞാന്‍ കരുതുന്നു. ലക്ഷദ്വീപിലെ ജനങ്ങളുടെ ശബ്ദം കേള്‍ക്കുക, അവരുടെ ദേശത്തിന് ഏറ്റവും നല്ലത് എന്താണെന്ന് അറിയാന്‍ അവരെ വിശ്വസിക്കുക. ഭൂമിയിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങളില്‍ ഒന്നാണിത്. അതിലും മനോഹരമായ ആളുകളാണ് അവിടെ താമസിക്കുന്നത്- പ്രിഥ്വിരാജ് ട്വീറ്റില്‍ പറഞ്ഞു.

ലക്ഷദ്വീപില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളെക്കുറിച്ച് പൂര്‍ണമായി ആര്‍ക്കെങ്കിലും അറിയുമോ? ഈ ചെറിയ ദ്വീപ് ഞാന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും മനോഹരമായ സ്ഥലങ്ങളില്‍ ഒന്നാണ്. പക്ഷെ ഭരണപരമായ അനീതികള്‍ പൗരന്‍മാര്‍ക്ക് ദുര്‍വിധിയാണ് സമ്മാനിക്കുന്നത്. തങ്ങള്‍ ഭരിക്കുമ്പോള്‍ ഒരാളെയും സ്വസ്ഥമായി ജീവിക്കാന്‍ അനുവദിക്കില്ലെന്ന വാശിയാണ് കേന്ദ്രസര്‍ക്കാറും ബി.ജെ.പി നേതൃത്വവും കാണിക്കുന്നതെന്ന് ട്വീറ്റുകള്‍ പറയുന്നു. ലക്ഷ്വദീപിനെ മറ്റൊരു കശ്മീരാക്കാനുള്ള നീക്കങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നതെന്ന് വി.ടി ബല്‍റാം പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button