“സരിൻ തിരഞ്ഞെടുപ്പിൽ തോറ്റത് പകൽ വെളിച്ചത്തിലാണ്. ആരെയും ഗുളിക കഴിപ്പിക്കാൻ അദ്ദേഹം നിർബന്ധിച്ചിട്ടില്ല,”; സരിനെ പരിഹസിച്ചവർക്കെതിരെ ഭാര്യ ഡോ. സൗമ്യ സരിൻ

ഫേസ്ബുക്ക് കമന്റിലൂടെ പി. സരിനെ പരിഹസിച്ചവർക്കെതിരെ ഭാര്യ ഡോ. സൗമ്യ സരിൻ. “തോറ്റ എം.എൽ.എയ്ക്ക് ഗുളിക കഴിക്കാൻ മറക്കരുത്” എന്ന അധിക്ഷേപകരമായ കമന്റിനെയാണ് അവര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ശക്തമായി പ്രതികരിച്ചത്.
“സരിൻ തിരഞ്ഞെടുപ്പിൽ തോറ്റത് പകൽ വെളിച്ചത്തിലാണ്. ആരെയും ഗുളിക കഴിപ്പിക്കാൻ അദ്ദേഹം നിർബന്ധിച്ചിട്ടില്ല,” എന്ന് സൗമ്യ വ്യക്തമാക്കി.
“എന്റെ ഭർത്താവ് രണ്ടു നിയമസഭാ തിരഞ്ഞെടുപ്പുകളിൽ തോറ്റിട്ടുണ്ട്, പക്ഷേ അത് മാന്യതയോടെയാണ്. തോൽവിയിലും ഒരു അന്തസ്സുണ്ടെന്നു തെളിയിച്ചിട്ടുമുണ്ട്,” എന്നും അവര്‍ കൂട്ടിച്ചേർത്തു. സ്വന്തം കുറവുകൾ പരിഹരിക്കാൻ ശ്രമിക്കാതെ, മറ്റൊരാളുടെ വീഴ്ചകളിൽ വിരൽ ചൂണ്ടുന്നവരെയും സൗമ്യ ഫേസ്ബുക്ക് പോസ്റ്റിലൂടെ പരാമർശിച്ചു.
ഫേസ്ബുക്ക് കുറിപ്പ്
‘തോറ്റ MLA’ 😊
ശരിയാണ്… എന്റെ ഭർത്താവ് തോറ്റിട്ടുണ്ട്.
ഒന്നല്ല, രണ്ടു തവണ… രണ്ടു നിയമസഭ തിരഞ്ഞെടുപ്പുകളിൽ…
പക്ഷെ ഒരു വ്യത്യാസമുണ്ട്.
തോൽവിയാണെങ്കിലും നല്ല പകൽ വെളിച്ചത്തിൽ…
മാന്യമായി…
തോൽവിയിലും അന്തസ്സ് എന്നൊന്നുണ്ടേ!
എല്ലാ ജയത്തിലും ഈ പറഞ്ഞ സാധനം ഉണ്ടാവണമെന്നും ഇല്ല കേട്ടോ…
അതുകൊണ്ട് ഈ തോൽവിയിൽ എന്നല്ല, ഒന്നിലും അയാളെ പ്രതി എനിക്ക് തല കുനിക്കേണ്ടി വന്നിട്ടില്ല!
ഇനി ഗുളിക…
മൂപ്പര് അധികം കഴിക്കാറില്ല… വല്ല പനിയോ ജലദോഷമോ വന്നാൽ, അതും ഞാൻ നിർബന്ധിച്ചു കഴിപ്പിച്ചാൽ, ചിലപ്പോ കഴിക്കും!
പക്ഷെ ആർക്കും ഒന്നും കലക്കാൻ ഒരു ഗുളികയും നിർബന്ധിച്ചു കഴിപ്പിച്ചതായി അറിവില്ല!
ആർക്കെങ്കിലും അറിവുണ്ടെങ്കിൽ പറയണം!
അപ്പൊ സംശയങ്ങൾ ഓക്കെ മാറിയല്ലോ അല്ലേ?
വിട്ടു പിടി ചേട്ടാ…
സ്വന്തം കാലിലെ മന്ത് മാറ്റിയിട്ടു പോരെ മറ്റവന്റെ കാലിലെ ചൊറി നോക്കാൻ പോകുന്നത്!
Tag: says wife Dr. Soumya Sarin against those who mocked Dr. P .Sarin