ഒന്നര ലക്ഷത്തോളം ഫയലുകള്‍ സെക്രട്ടറിയേറ്റില്‍ കെട്ടിക്കിടക്കുന്നു, ഫയലുകള്‍ തീര്‍പ്പാക്കാന്‍ മുഖ്യമന്ത്രി വകുപ്പു സെക്രട്ടറിമാരുടെ യോഗം വിളിച്ചു.

സെക്രട്ടേറിയറ്റിലെ കെട്ടിക്കിടക്കുന്ന ഫയലുകള്‍ തീര്‍പ്പാക്കാന്‍ മുഖ്യമന്ത്രി വകുപ്പു സെക്രട്ടറിമാരുടെ യോഗം വിളിച്ചു. ചൊവ്വാഴ്ച രാവിലെ പത്തരയ്ക്ക് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ആണ് യോഗം നടക്കുക. ജൂലൈ മുപ്പത് വരെ ഓരോ വകുപ്പിനും കീഴില്‍ തീര്‍പ്പാക്കാനുളള ഫയലുകളുടെ എണ്ണത്തെ കുറിച്ചും, ഫയലുകളുടെ നിലവിലെ സ്ഥിതിയെ കുറിച്ചും യോഗത്തില്‍ വ്യക്തമാക്കണമെന്നാണ് മുഖ്യമന്ത്രിയുടെ ഓഫിസ് വകുപ്പ് സെക്രട്ടറിമാരെ അറിയിച്ചിരിക്കുന്നത്.
ഒന്നര ലക്ഷത്തോളം ഫയലുകള്‍ സെക്രട്ടറിയേറ്റില്‍ കെട്ടിക്കിടക്കുന്നെന്ന് നേരത്തെ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നതാണ്. ഇത് തീര്‍പ്പാക്കാനുളള നടപടികള്‍ സ്വീകരിക്കുന്നതിനിടെ കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഓഫിസുകളുടെ പ്രവര്‍ത്തനം നിലക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ഫയലുകള്‍ തീര്‍പ്പാക്കാനുളള വഴി തേടി മുഖ്യമന്ത്രി യോഗം വിളിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് രോഗവ്യാപനം വർധിച്ചിരിക്കുന്ന സാഹചര്യത്തിൽ ജീവനക്കാർക്ക് ഓഫീസിൽ ഏതാണ് കഴിയാത്ത സ്ഥിതി തുടരുകയുമാണ്.
കഴിഞ്ഞ വർഷം പരിഗണനക്കെത്തിയ എല്ലാ ഫയലുകളിലും ഉടൻ തീർപ്പ് ഉണ്ടാക്കുമെന്ന് ആഗസ്റ്റിൽ മുഖ്യമന്ത്രി ഉറപ്പ് നൽകിയിരുന്നു. ഫയൽ തീർപ്പാക്കൽ വേഗത്തിലാക്കുന്നതിനായി തീവ്രയജ്ഞ പരിപാടിയും പ്രഖ്യാപിക്കപ്പെട്ടു. ആഗസ്റ്റ് 1 മുതൽ ആരംഭിച്ച ഫയൽ തീർപ്പാക്കൽ നേരിയ ഫലം കണ്ടതൊഴിച്ചാൽ സെക്രട്ടേറിയറ്റിലെ ഫയൽ കൂമ്പാരം പഴയപടി തന്നെ ബാക്കിയാവുകയായിരുന്നു.
കെട്ടിക്കിടക്കുന്ന ഫയലുകളിൽ തീർപ്പ് ഉണ്ടാക്കുന്നതിനു വേണ്ടിയാണ് തീവ്രയജ്ഞം മുഖ്യൻ പ്രഖ്യാപിക്കുന്നത്. ഇതിനായി എല്ലാ വകുപ്പുകളിലും അദാലത്തുകളും അവലോകന യോഗങ്ങളും വരെ സംഘടിപ്പിച്ചു. പ്രതിമാസം 45,000 ഫയലുകളിൽ തീർപ്പുകൾ ഉണ്ടാക്കിയിരുന്ന സ്ഥാനത്ത്, തീവ്ര ഫയൽ യജ്ഞം പ്രഖ്യാപിച്ചതോടെ പ്രതിമാസം അറുപതിനായിരത്തോളം ഫയലുകളിൽ തീർപ്പുണ്ടാക്കാൻ കഴിഞ്ഞെങ്കിലും പിന്നീട് എല്ലാം പാളി.