വിദ്യാര്‍ഥികള്‍ ജയിക്കും; മഹാമാരി തോല്‍വി സമ്മതിക്കും
ന്യൂഡല്‍ഹി: കോവിഡിന്റെ വ്യാപന തോത് കുറഞ്ഞ സംസ്ഥാനങ്ങളില്‍ സ്‌കൂള്‍, കോളേജ് പഠനം ആരംഭിക്കുന്നു. കോവിഡ് വ്യാപനം കുറയുന്ന സാഹചര്യത്തില്‍ രാജ്യത്ത് ഇനി സ്‌കൂളുകള്‍ തുറക്കുന്നതില്‍ തെറ്റില്ലെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച് വ്യക്തമാക്കിയിരുന്നു. ഇതും പരിഗണിച്ചാണ് സംസ്ഥാനങ്ങള്‍ വിദ്യാഭ്യാസം സാധാരണ നിലയിലേക്ക് കൊണ്ടു വരാന്‍ ശ്രമിക്കുന്നത്.
അതേ സമയം കോവിഡ് നിരക്ക് കുറഞ്ഞത് മാത്രമല്ല സ്‌കൂള്‍ വിദ്യാഭ്യാസം പുനരാരംഭിക്കാന്‍ കാരണമെന്ന് ചൂണ്ടിക്കാട്ടി പല സംസ്ഥാനവും പ്രതികരിച്ചിരുന്നു. ഇപ്പോള്‍ നടപ്പിലാക്കി കൊണ്ടിരിക്കുന്ന ഓണ്‍ലൈന്‍ ക്ലാസ് എല്ലാ വിദ്യാര്‍ഥികള്‍ക്കും പ്രയോജനകരമാകുന്നില്ല. അതിനാല്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസം 40% കുട്ടികളില്‍ മാത്രമേ എത്തുന്നുള്ളു എന്നതാണ് വാസ്തവമെന്നാണ് ഒഡീഷ സര്‍ക്കാര്‍ പറയുന്നത്. അതിനാല്‍ 10, 12 ക്ലാസുകള്‍ സാധാരണ നിലയില്‍ ആരംഭിക്കാനാണ് ഒഡീഷ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. അതേസമയം ചില സംസ്ഥാനങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം പുനരാരംഭിച്ച് കഴിഞ്ഞു.
8 മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ പുനരാരംഭിച്ചു എന്നാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ പറയുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത പ്രദേശങ്ങളിലാണ് ക്ലാസുകള്‍ ആരംഭിച്ചതെന്നാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. അതേസമയം ഗുജറാത്തിലും ബിഹാറിലും ഹരിയാനയിലും അമ്പത് ശതമാനം വിദ്യാര്‍ഥികളെ ഉള്‍പ്പെടുത്തി വ്യവസ്ഥകളോടെ ക്ലാസുകള്‍ പുനരാരംഭിച്ചു കഴിഞ്ഞു.
പഞ്ചാബില്‍ പോസിറ്റിവിറ്റി നിരക്ക് 0.03 ശതമാനമായതിനാല്‍ 10,11,12 ക്ലാസുകള്‍ 26ന് ആരംഭിക്കാനാണ് തീരുമാനം. ഓഗസ്റ്റ് 2 ന് 10,12 ക്ലാസുകള്‍ തുടങ്ങാനും തുടര്‍ന്ന് കോളജുകളും ഘട്ടംഘട്ടമായി തുറക്കാനാണ് ഛത്തീസ്ഗഡ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.