പുതിയ പാര്‍ട്ടിയുമായി അമരീന്ദര്‍ സിംഗ്
ലുധിയാന: പഞ്ചാബ് മുന്‍ മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചതായി പ്രഖ്യാപിച്ചു. പാര്‍ട്ടിയുടെ പേരും ചിഹ്നവും വൈകാതെ അറിയിക്കും. പഞ്ചാബ് ലോക് കോണ്‍ഗ്രസെന്നാകും പാര്‍ട്ടിയുടെ പേരെന്നാണ് സൂചന. നവംബറോടെ ബിജെപിയുമായി സഖ്യത്തിലേര്‍പ്പെടുമെന്നാണ് കരുതുന്നത്. നവ്ജോത് സിംഗ് സിദ്ദു എവിടെ മത്സരിച്ചാലും നേരിടുമെന്ന് അമരീന്ദര്‍ പറഞ്ഞു.
സഖ്യത്തിലോ അല്ലാതെയോ 117 സീറ്റുകളിലാണ് മത്സരിക്കാന്‍ തീരുമാനമെന്നും അമരീന്ദര്‍ പറഞ്ഞു. പഞ്ചാബില്‍ ബിജെപിയുമായി സഹകരിക്കാന്‍ അമരീന്ദര്‍ സിംഗ് ഉപാധിവച്ചിരുന്നു. കര്‍ഷക സമരം കേന്ദ്രം ഒത്തുതീര്‍പ്പാക്കിയാല്‍ സഹകരിക്കുമെന്നായിരുന്നു അമരീന്ദര്‍ സിംഗ് പറഞ്ഞിരുന്നത്. നവംബറോടെ കര്‍ഷക സമരത്തിന് പരിഹാരമാകുമെന്ന് കേന്ദ്ര സര്‍ക്കാരിന്റെ ഉറപ്പ് കിട്ടിയിട്ടുണ്ടെന്ന് ക്യാപ്റ്റനുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.
കഴിഞ്ഞ മാസം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ കണ്ട അമരീന്ദര്‍ കര്‍ഷകസമരം ഒത്തുതീര്‍പ്പാക്കാന്‍ അദ്ദേഹവുമായി ചര്‍ച്ച നടത്തിയിരുന്നു. മുഖ്യമന്ത്രി സ്ഥാനം രാജിവച്ച ശേഷം എഐസിസി നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച അമരീന്ദര്‍ സിംഗിനെ അനുനയിപ്പിക്കാന്‍ ഹൈക്കമാന്‍ഡ് വന്‍ ശ്രമങ്ങളാണ് നടത്തിയിരുന്നത്. ഇരുപത് എംഎല്‍എമാരുടെ പിന്തുണയാണ് അമരീന്ദര്‍ സിംഗ് അവകാശപ്പെടുന്നത്. പഞ്ചാബില്‍ ഭരണം പോവുമെന്ന് ഉറപ്പായ കോണ്‍ഗ്രസിന് അമരീന്ദറിന്റെ ഈ നീക്കം കനത്ത തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്.