ലോകത്ത് സ്ത്രീകളും കുട്ടികളുമടക്കം 4.7 കോടി പേർ പട്ടിണിയുടെ പടുകുഴിയിലേക്ക്

കോവിഡ് മഹാമാരി മൂലം 2021 ഓടെ ലോകത്ത് സ്ത്രീകളും കുട്ടികളുമായി മാത്രം 4.7 കോടി പേർ പട്ടിണിയുടെ പടുകുഴിയിലേക്ക് എത്തുമെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. ലോകത്തെ കടുത്ത ആശങ്ക ഉണ്ടാക്കുന്നതാണ് ഈ വെളിപ്പെടുത്തൽ. കോവിഡ് പട്ടിണിയിലേക്ക് വലിച്ചെറിയപ്പെടുന്നതിൽ കൂടുതൽ കുട്ടികളായിരിക്കുമെന്നും റിപ്പോർട്ട് പറയുന്നു. രോഗം അതിവേഗം പടരുകയും സാമ്പത്തിക തകർച്ച വ്യാപകമാവുകയും ചെയ്യുമ്പോൾ കഷ്ടത്തിലാവുന്ന കുട്ടികളുടെ എണ്ണം വരുംനാളുകളിൽ വർധിക്കുമെന്നും, വിദഗ്ധർ പറയുന്നു.
കുട്ടികളിൽ കോവിഡ് കാര്യമായ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കില്ലെന്ന പഠനനിഗമനങ്ങൾ വലിയ ആശ്വാസം ഉണ്ടാക്കിയതിനു പിറകെയാണ് ഈ സാമൂഹിക ദുരന്തത്തിന്റെ കണക്ക് പുറത്ത് വന്നിരിക്കുന്നത്. കോവിഡിനേക്കാൾ ഉപരി, മഹാമാരിയുടെ ഭാഗമായുണ്ടാകുന്ന സാമ്പത്തിക തകർച്ചയും അരക്ഷിതാവസ്ഥയും ആശയവിനിമയ തടസങ്ങളുമാണ് കുട്ടികളെ ബാധിക്കുന്നത്.
വരുമാന മാർഗങ്ങൾ ഇല്ലാതായതോടെ കുടുംബങ്ങളിലും സമൂഹത്തിലുമുണ്ടാകുന്ന സാമ്പത്തിക തകർച്ചയുടെ ഗുരുതരമായ പ്രത്യാഘാതം നേരിട്ടു ബാധിക്കുന്നത് കുട്ടികളെയായിരിക്കുമെന്നാണ് പഠന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. പോഷണക്കുറവു കാരണം അവരുടെ ആരോഗ്യം തകരാറിലാകാനുള്ള സാധ്യത അതീവ ഗൗരവമർഹിക്കുന്നതാണെങ്കിലും വിഷയത്തിൽ കാര്യമായ ചർച്ചകളൊന്നും ഇപ്പോൾ നടക്കുന്നില്ല.
കേരളത്തിൽ കോവിഡ് കാലത്ത് കുട്ടികൾക്കിടയിലെ ആത്മഹത്യാതോത് ഉയർന്നുവെന്നതും ഗൗരവത്തോടെയാണ് കാണേണ്ടത്. മരണം സംബന്ധിച്ചു പൊലീസ് രേഖയിൽ മറ്റുപല കാരണങ്ങളും നിരത്തുമ്പോൾ, സൂക്ഷ്മതലത്തിൽ പരിശോധിച്ചാൽ സാഹചര്യം അവരിലുണ്ടാക്കിയ സമ്മർദവും പ്രേരണയും തിരിച്ചറിയാനാവും. എല്ലാതലത്തിലും നമ്മുടെ കുട്ടികൾ കടുത്ത പരീക്ഷണമാണ് കോവിഡ് കാലത്ത് നേരിട്ടുകൊണ്ടിരിക്കുന്നത്. കൂടുതൽ അനുകമ്പയും സ്നേഹവും ശ്രദ്ധയുമാണ് അവർക്ക് ഇപ്പോൾ വേണ്ടത്.
സാമ്പത്തികമായി പിന്നാക്കമായ കുടുംബങ്ങളിലെ, പ്രത്യേകിച്ച് വികസ്വര, അവികസിത രാജ്യങ്ങളിലെ കുട്ടികൾ ഈ കാലഘട്ടത്തെ എങ്ങനെ അതിജീവിക്കുമെന്നതു വലിയ ചോദ്യമാണ്. സാമ്പത്തികമായി തരക്കേടില്ലാത്ത കുടുംബത്തിലുളള കുട്ടികൾ നേരിടുന്ന സമ്മർദവും അസ്വസ്ഥതകളും മറ്റൊരു തലത്തിലുളളതാണ്. എന്നാൽ എല്ലായിടത്തും അവർ അനുഭവിക്കുന്ന വീർപ്പുമുട്ടൽ മാനസിക, ശാരീരിക ആരോഗ്യത്തെ സാരമായി ബാധിക്കും. കുട്ടികളുടെ ആരോഗ്യമേഖലയിൽ നമ്മൾ ഇതുവരെയുണ്ടാക്കിയ മുന്നേറ്റം അതിവേഗം പിന്നോട്ടടിക്കുന്ന സ്ഥിതിയുണ്ടായാൽ കാര്യങ്ങൾ കൈവിട്ടുപോകാം.
കോവിഡ് രോഗമുണ്ടാക്കുന്ന സാമ്പത്തികമാന്ദ്യവും അനുബന്ധ സാമൂഹിക പ്രശ്നങ്ങളും കുടുംബങ്ങളെ ബാധിക്കുമ്പോൾ വലിയതോതിൽ ശിശുമരണങ്ങൾക്കു കാരണമാകുമെന്നു കോവിഡിന്റെ പ്രത്യാഘാതം കുട്ടികളിൽ എന്ന വിഷയത്തിൽ യുഎൻ തയാറാക്കിയ നയരേഖ പറയുന്നു. ശിശുവികസനത്തിൽ നേട്ടംകൊയ്ത രാജ്യങ്ങൾക്കും സ്ഥാപനങ്ങൾക്കും ഇതു തിരിച്ചടിയാകുമെന്നും വിദഗ്ധർ പറയുന്നു. കുട്ടികളെ കോവിഡ് നേരിട്ടു ബാധിക്കുന്നില്ലെങ്കിലും കുടുംബങ്ങളിലെ കടുത്ത സാമ്പത്തിക ഞെരുക്കമടക്കമുള്ള പ്രത്യാഘാതങ്ങൾക്ക് കൂടുതലും ഇരയാകുന്നത് കുട്ടികൾ ആയിരിക്കും. മഹാവ്യാധിയുടെ ആദ്യവർഷം 1.28 കോടി കുട്ടികൾ വിശന്നു മരിച്ചേക്കാമെന്ന യുഎൻ നിഗമനം ആശങ്കയിലാഴ്ത്തുന്നതാണ്. ഭക്ഷ്യക്ഷാമം നേരിടുന്ന രാഷ്ട്രങ്ങളിൽ വൈദ്യസഹായവും ഭക്ഷണവും കിട്ടാതെ പ്രതിമാസം 10,000 കുട്ടികൾ ജീവനൊടുക്കുന്നുവെന്ന ഞെട്ടിക്കുന്ന കണക്കും യുഎൻ റിപ്പോർട്ടിലുണ്ട്. മഹാമാരിയെ തുടർന്ന് ഏതാണ്ട് 180 രാജ്യങ്ങളിലെ വിദ്യാലയങ്ങളും ശിശുവികസന കേന്ദ്രങ്ങളും അടഞ്ഞുകിടക്കുന്നതിനാൽ വിദ്യാഭ്യാസവും കടുത്ത പ്രതിസന്ധിയിലായിരിക്കുന്നു. ഇന്ത്യയിൽ 15 ലക്ഷം സ്കൂളുകളിലെ 25 കോടി വിദ്യാർഥികൾ മാർച്ച് 25 മുതൽ വീട്ടിൽതന്നെയിരിക്കുകയാണ്. ഇതിൽ 33% പേർ സ്വകാര്യ വിദ്യാലയങ്ങളിൽ പഠിക്കുന്നവരാണ്. വിദ്യാലയങ്ങൾ അടഞ്ഞതോടെ വലിയൊരു വിഭാഗത്തിന് കിട്ടിക്കൊണ്ടിരുന്ന ഉച്ചഭക്ഷണം ഇല്ലാതായി. വിദ്യാലയങ്ങൾ പിന്നീട് തുറന്നാൽതന്നെ അവ സാധാരണ നിലയിലെത്താൻ വീണ്ടും മാസങ്ങളെടുക്കും എന്നതും ശ്രദ്ധേയം.
കുട്ടികളിൽ ഉണ്ടാകുന്ന പോഷണക്കുറവാണ് മഹാമാരികാലത്തെ അതീവ ഗുരുതര പ്രശ്നമായിരിക്കുന്നത്. അതു വലിയൊരു ദുരന്തത്തിലേക്കു തന്നെ നയിക്കും. ബുദ്ധിവികാസത്തെ ഉൾപ്പെടെ തടസപ്പെടുത്തുന്ന സ്ഥിതിയുണ്ടാകാം. രോഗത്തിന്റെ ആദ്യഘട്ടത്തിൽ നിന്നു തികച്ചും ഭിന്നമാണ് ഇപ്പോഴത്തെ സ്ഥിതിയെന്നു യുഎൻ രേഖയിൽ നിരീക്ഷിക്കുന്നു. വികസന നേട്ടങ്ങളിൽ പലതും കോവിഡ് മാഹാമാരിയിലൂടെ അട്ടിമറിക്കപ്പെടുകയാണ്. കണക്കുകൂട്ടലുകൾക്കപ്പുറമുള്ള രോഗത്തിന്റെ വ്യാപനവും മരണവും സമൂഹത്തിന്റെ സമസ്ത മേഖലകളെയും ബാധിച്ചു കഴിഞ്ഞിരിക്കുന്നു. പ്രതിസന്ധി രൂക്ഷമാകുന്നതോടെ ബാലവേല, മനുഷ്യക്കടത്ത്, ലൈംഗിക കച്ചവടം എന്നിവ വർധിക്കാനുളള സാധ്യതയെക്കുറിച്ചും പഠനങ്ങളിൽ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. കോവിഡിനു മുൻപുളള സ്ഥിതിയിൽ വിവിധരാജ്യങ്ങളിലായി എതാണ്ട് 15.2 കോടി കുട്ടികളാണ് അവരുടെ വിദ്യാഭ്യാസവും സാമൂഹിക ഇടപഴകലുമൊക്കെ ഉപേക്ഷിച്ചു സ്വന്തംകാര്യങ്ങൾക്കും കുടുംബത്തിനുമായി ബാലവേല ചെയ്യുന്നത്. ബാലവേല തുടച്ചുനീക്കാൻ വിവിധരാജ്യങ്ങൾ ആരംഭിച്ച യത്നങ്ങൾ, ഇല്ലാതാക്കുമോ എന്നാണു ഇപ്പോൾ ഭയം ഉണ്ടാക്കുന്നത്.. കുടിയേറ്റ തൊഴിലാളികൾ, കർഷക തൊഴിലാളികൾ, അഭയാർഥികൾ, ഭിന്നശേഷിക്കാർ, സമൂഹത്തിന്റെ മറ്റു അരികുകളിൽ ജീവിക്കുന്നവർ എന്നിവർക്കിടയിൽ കുട്ടികൾ പ്രധാന വരുമാനവിഭാഗമായി മാറിയേക്കുന്ന സ്ഥിതി വിശേഷമാണ് ഉള്ളത്.
കുട്ടികളിൽ ഉണ്ടാകുന്ന പോഷണക്കുറവ് ദീർഘകാല പ്രത്യാഘാതമാണ് സൃഷ്ടിക്കുന്നത്. ശരീരശോഷണവും വളർച്ചാമുരടിപ്പും അവരിൽ സ്ഥിരം മാനസിക, ശാരീരിക തകരാറുകളുണ്ടാക്കുമെന്നു ആരോഗ്യമേഖലയിലെ ഏജൻസികൾ പറയുന്നു. സമസ്ത മേഖലകളെയും അദൃശ്യമായി പിടികൂടുന്ന രോഗത്തിന്റെ സാമൂഹിക പ്രത്യാഘാതം കണക്കൂകൂട്ടിയതിനുമപ്പുറമാണ്. അധികമൊന്നും ചർച്ച ചെയ്യാത്തതും ഇത്തരം അതീവ ഗുരുതരമായ വിഷയങ്ങളാണെന്നതാണ് യാഥാർഥ്യം.