അഴിമതി പുറത്തുപറഞ്ഞതിന് കോണ്‍ഗ്രസ് നേതാവിനെ പുറത്താക്കി
ബംഗളൂരു: കര്‍ണാടക കോണ്‍ഗ്രസ് പ്രസിഡന്റ് നടത്തിയ അഴിമതി പുറത്തുപറഞ്ഞ നേതാവിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. കര്‍ണാടക പിസിസി പ്രസിഡന്റ് ഡി.കെ. ശിവകുമാര്‍ കൈക്കൂലി വാങ്ങിയെന്ന് സ്വകാര്യം പറഞ്ഞ മാധ്യമ കോര്‍ഡിനേറ്റര്‍ എം.എ. സലീമിനെയാണ് പാര്‍ട്ടി ആറു വര്‍ഷത്തേക്ക് പ്രാഥിമികാംഗത്വത്തില്‍ നിന്ന് പുറത്താക്കിയത്.
കര്‍ണാടക പിസിസി ആസ്ഥാനത്ത വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിനു തൊട്ടുമുമ്പ് കോണ്‍ഗ്രസ് വക്താവുകൂടിയായ മുന്‍ എംപി വി.എസ്. ഉഗ്രപ്പയോടാണ് ഡി.കെ. ശിവകുമാര്‍ കൈക്കൂലി വാങ്ങിയ കാര്യം സ്വകാര്യമായി പറഞ്ഞത്. ഡികെ കൈക്കൂലി വാങ്ങിയെന്ന സംഭാഷണത്തിന്റെ വീഡിയോ പുറത്തുവന്നതോടെ കോണ്‍ഗ്രസ് പ്രതിരോധത്തിലായി. ഉഗ്രപ്പയോട് വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിട്ടുണ്ട്.
ഡി.കെ. ശിവകുമാറിന് കൈക്കൂലി വാങ്ങാന്‍ ഒട്ടേറെ അടുപ്പക്കാരുണ്ട്. ഇതിലൊരാള്‍ 50 കോടിമുതല്‍ നൂറുകോടി രൂപവരെ സമ്പാദിച്ചു. അയാള്‍ ഒരു കലക്ഷന്‍ ഏജന്റ് മാത്രമാണെന്നും സലീം പറഞ്ഞു. ഡി.കെ. ശിവകുമാറിനെ നമ്മള്‍ പിസിസി പ്രസിഡന്റാക്കിയെന്നും അദ്ദേഹം രാഷ്ട്രീയത്തില്‍ ഉയര്‍ന്നുവന്നത് ഇത്തരം കാരണങ്ങളാലാണെന്നുമാണ് ഉഗ്രപ്പയുടെ മറുപടി. ചാനലുകളുടെ ക്യാമറകളും മൈക്കുകളും ഓണ്‍ ആയിരിക്കുമ്പോഴായിരുന്നു ഇവരുടെ രഹസ്യം പറച്ചില്‍.
ഇവര്‍ അറിയാതെ റെക്കോഡ് ചെയ്യപ്പെട്ട സംഭാഷണം ബുധനാഴ്ച ബിജെപി നേതാവ് അമിത് മാളവ്യയാണ് പുറത്തുവിട്ടത്. കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യസര്‍ക്കാരില്‍ ഡി.കെ. ശിവകുമാര്‍ ജലസേചനമന്ത്രിയായിരിക്കെ നടന്ന അഴിമതിയെക്കുറിച്ചാണ് സലീം പറയുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിശ്വാസം. എന്തായാലും കോണ്‍ഗ്രസിന് ഈ വീഡിയോ പുറത്തുവന്നതിലൂടെ വന്‍ തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്.