‘സാഗരകന്യക’ ശിൽപം വികലമാക്കി: പരസ്യചിത്രീകരണത്തിനെതിരെ ശിൽപ്പി കാനായി കുഞ്ഞിരാമൻ; വിവാദ ഹോർഡിംഗ് നീക്കി

ശംഖുംമുഖം കടൽത്തീരത്തെ പ്രസിദ്ധമായ ‘സാഗരകന്യക’ (ജലകന്യക) ശിൽപം പരസ്യത്തിനായി വികലമായി ഉപയോഗിച്ചതിനെതിരെ ശിൽപ്പി കാനായി കുഞ്ഞിരാമൻ രംഗത്ത്. സ്തനാർബുദ അവബോധത്തിന്റെ ഭാഗമായി ഒരു സ്വകാര്യ ആശുപത്രി സ്ഥാപിച്ച കൂറ്റൻ പരസ്യ ഹോർഡിംഗാണ് വിവാദമായത്.
പരസ്യത്തിനായി ഉപയോഗിച്ച ചിത്രത്തിൽ, സാഗരകന്യകയുടെ ഒരു സ്തനം മായ്ച്ചുകളഞ്ഞ നിലയിലായിരുന്നു. ‘ഒരു മാറ്റം കാണുന്നുണ്ടോ?’ എന്ന ചോദ്യമാണ് പരസ്യത്തിൽ നൽകിയിരുന്നത്. സ്തനാർബുദ ചികിത്സയുടെ ഭാഗമായി സ്തനം നീക്കം ചെയ്യുന്ന ശസ്ത്രക്രിയ (മാസ്റ്റെക്ടമി) നടത്തിയതിന്റെ സൂചന നൽകാനായിരുന്നു ഈ മാറ്റം.
തന്റെ അനുമതിയില്ലാതെയും, ശിൽപത്തിന്റെ രൂപം വികലമാക്കിയും ചിത്രം ഉപയോഗിച്ചതിനെതിരെ ശിൽപ്പിയായ കാനായി കുഞ്ഞിരാമൻ രൂക്ഷമായ ഭാഷയിൽ പ്രതിഷേധമറിയിച്ചു. 87 അടി നീളവും 25 അടി ഉയരവുമുള്ള ഈ ബൃഹദ് ശിൽപം പൂർത്തിയാക്കാൻ കാനായിക്ക് രണ്ടു വർഷമെടുത്തു. ലോകത്തിലെ ഏറ്റവും വലിയ ജലകന്യകാ ശിൽപത്തിനുള്ള ഗിന്നസ് റെക്കോർഡ് നേടിയ ഈ കലാസൃഷ്ടിയെ വികലമാക്കിയത് ശിൽപ്പിയെ വേദനിപ്പിച്ചു. കാനായിയുടെ എതിർപ്പ് ശക്തമായതിനെ തുടർന്ന്, വിവാദമായ പരസ്യബോർഡ് നീക്കം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.
Tag: Sculptor Kanayi Kunhiraman takes action against advertisement; controversial hoarding removed