ഐഡി കാര്‍ഡ് നിര്‍ബന്ധം, വാഹനങ്ങളില്‍ പാസ്; സെക്രട്ടേറിയറ്റ് പ്രവേശനത്തിനുളള് പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ ഇങ്ങനെ
തിരുവനന്തപുരം: ജീവനക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും സെക്രട്ടേറിയറ്റിലേക്ക് പ്രവേശിക്കുന്നതിന് മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി. 2021 സെപ്റ്റംബര്‍ 30ന് മുന്‍പായി എല്ലാ ജീവനക്കാരും വാഹനങ്ങളില്‍ സെക്രട്ടേറിയറ്റ് പാസ് പതിപ്പിക്കണം. വാഹന പാസില്ലാതെ പ്രവേശനം അനുവദിക്കില്ല. സര്‍ക്കാര്‍ വാഹനങ്ങളും, വിഐപി വാഹനങ്ങളും സെക്രട്ടേറിയറ്റ് വാഹന പാസ് പതിച്ചിട്ടുള്ള ജീവനക്കാരുടെ വാഹനങ്ങളും കന്റോണ്‍മെന്റ് ഗേറ്റ് വഴി അകത്തേക്കും പുറത്തേക്കും പോകണം.
എല്ലാ ജീവനക്കാരും തിരിച്ചറിയല്‍ കാര്‍ഡ് ധരിക്കണം. തിരിച്ചറിയല്‍ കാര്‍ഡില്ലാത്ത ജീവനക്കാര്‍ സുരക്ഷാ പരിശോധനയ്ക്കു വിധേയമാകേണ്ടിവരും.
ഇരുചക്ര വാഹനങ്ങള്‍ക്ക് കന്റീന്‍ ഗേറ്റു വഴി അകത്തേക്കു പ്രവേശിക്കാം. കാല്‍നടയായി വരുന്ന യാത്രക്കാര്‍ കന്റോണ്‍മെന്റ് വിഎഫ്‌സിയും കന്റോണ്‍മെന്റ് ഗേറ്റിനോട് ചേര്‍ന്ന ചെറിയ ഗേറ്റും ഉപയോഗിക്കണം.
വാഹനങ്ങളുടെ പുറത്തേക്കു മാത്രമുള്ള സഞ്ചാരവും ഇരുചക്ര വാഹനങ്ങളുടെ അകത്തേക്കും പുറത്തേക്കുമുള്ള സഞ്ചാരവും ജീവനക്കാരുടെയും സന്ദര്‍ശകരുടെയും അകത്തേക്കും പുറത്തേക്കുമുള്ള കാല്‍നട സഞ്ചാരവും കാന്റീന്‍ ഗേറ്റ് വഴിയാണ്.
മന്ത്രിമാരുടെയും വകുപ്പ് തലവന്‍മാരുടെയും ഓഫിസുകളിലേക്കുള്ള സന്ദര്‍ശകരെ അണ്ടര്‍ സെക്രട്ടറി പദവിക്കും അതിനു മുകളിലുമുള്ള ഉദ്യോഗസ്ഥരുടെ ശുപാര്‍ശയിലൂടെയോ രേഖകള്‍ പരിശോധിച്ച ശേഷമോ മാത്രമെ പാസ് അനുവദിക്കാവൂ എന്നും പൊതുഭരണ സെക്രട്ടറി നിര്‍ദേശിച്ചു.