സെക്രട്ടേറിയറ്റിലെ തീപിടുത്തം, ഷോർട്ട് സർക്യൂട്ട് സാധ്യത കണ്ടെത്താനായില്ല,മദ്യ കുപ്പികൾ കണ്ടെത്തി, വിരുദ്ധ റിപ്പോർട്ടിനെതിരെ ലാബ് ഉദ്യോഗസ്ഥർക്ക് സമ്മർദ്ദം.

തിരുവനന്തപുരം / സെക്രട്ടേറിയറ്റിൽ പ്രോട്ടോക്കോൾ വിഭാഗത്തിൽ ഉണ്ടായ തീ പിടുത്തത്തിനു ഷോർട്ട് സർക്യൂട്ട് സാധ്യത കാരണമായി കണ്ടെത്താനായില്ലെന്ന് ഫൊറൻസിക് ലാബ് ഫിസിക്സ് വിഭാഗം വീണ്ടും റിപ്പോർട്ട് നൽകി. തീപിടിത്തമുണ്ടായ പ്രോട്ടോക്കോൾ വിഭാഗത്തിൽനിന്നു 2 മദ്യക്കുപ്പികൾ കണ്ടെടുത്തിട്ടുണ്ട്. രണ്ടിലും മദ്യത്തിന്റെ അംശം ഉണ്ടായിരുന്നതായും ഫൊറൻസിക് റിപ്പോർട്ടിൽ പറയുന്നുണ്ട്. പെട്രോൾ, ഡീസൽ, മണ്ണെണ്ണ എന്നിവയുടെ സാന്നിധ്യമുണ്ടോ എന്ന് കെമിസ്ട്രി വിഭാഗം പരിശോധിച്ചിരുന്നു. എന്നാൽ മദ്യത്തിന്റെ അംശമാണു കണ്ടെത്താനായത്. മദ്യമാണ് തീപിടുത്തത്തിന് കാരണമായതെന്നും സംശയിക്കുന്നു. കത്തിയ ഫാനിന്റെ ഭാഗങ്ങൾ, ഉരുകിയ ഭാഗം, മോട്ടർ എന്നിവ ഫിസിക്സ് വിഭാഗം പരിശോധിച്ചു. അതേസമയം, റിപ്പോർട്ടുകൾക്ക് ഏകീകൃത സ്വഭാവമില്ലെങ്കിൽ സർക്കാരിനു കോട്ടമുണ്ടാകുമെന്നും വിരുദ്ധ റിപ്പോർട്ട് നൽകുന്നത് ഉചിതമല്ലെന്നും പറഞ്ഞു ഒരു ഐജി ഫൊറൻസിക് ലാബ് ഉദ്യോഗസ്ഥരെ സമ്മർദത്തിലാക്കുന്നതായും ആക്ഷേപം ഉണ്ടായിട്ടുണ്ട്.
ഷോർട്ട് സർക്യൂട്ട് സാധ്യത കണ്ടെത്താനായില്ലെന്ന ഫൊറൻസിക് ലാബ് ഫിസിക്സ് വിഭാഗം വീണ്ടും റിപ്പോർട്ട് നൽകിയതോടെ സ്വർണക്കടത്ത് കേസ് അന്വേഷണം പുരോഗമിക്കുന്നതിനിടെ ഓഗസ്റ്റ് 25 ന് സെക്രട്ടേറിയറ്റിൽ അന്വേഷണം അട്ടിമറിക്കാൻ പ്രോട്ടോക്കോൾ ഓഫിസിലെ ഫയലുകൾക്കു തീയിട്ടതാണെന്ന പ്രതിപക്ഷ ആരോപണം ശരിവെക്കുന്നതിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. ഫയലുകൾ കത്തിനശിച്ച തീപിടിത്തത്തിനു ഇതോടെ റുരൂഹത വർധിച്ചിരിക്കുകയാണ്. പ്രോട്ടോക്കോൾ ഓഫിസിൽ ഷോർട് സർക്യൂട്ട് കാരണമാണ് തീപിടുത്തം ഉണ്ടായതെന്ന സർക്കാരിന്റെ വാദം രണ്ടാം വട്ടമാണ് ഫൊറൻസിക് ലാബ് ഫിസിക്സ് വിഭാഗം തള്ളുന്നത്. സ്ഥലത്തുനിന്നു ശേഖരിച്ച ഇലക്ട്രിക് വയറിന്റെ തുണ്ടുകളും മറ്റും പരിശോധിച്ച ശേഷമാണ് ആദ്യ റിപ്പോർട്ട് കോടതിക്കു സമർപ്പിക്കുന്നത്. കൂടുതൽ വിശദ പരിശോധനയ്ക്കു കെമിസ്ട്രി, ഫിസിക്സ് വിഭാഗങ്ങളോടു നിർദേശിച്ചതിനെ തുടർന്നാണ് രണ്ടാമതും അന്വേഷണം ഉണ്ടായത്. ദുരന്ത നിവാരണ കമ്മിഷണർ ഡോ. എ. കൗശികൻ, മരാമത്തു വകുപ്പ്, ഫയർ ഫോഴ്സ്, ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് എന്നിവർ നൽകിയ ഷോർട്ട് സർക്യൂട്ട് റിപ്പോർട്ടുകൾ ശരിയല്ലെന്നാണ് ഫൊറൻസിക് ലാബ് റിപ്പോർട്ട് പറയുന്നത്.