Kerala NewsLatest NewsUncategorized

താൻ സമരം ചെയ്തതാണ് പ്രശ്നമെങ്കിൽ മാറി നിൽക്കാം; റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് നിയമനം നൽകിയാൽ മതി: ‘ഞാൻ നുഴഞ്ഞു കയറ്റക്കാരനല്ല – മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യ ഭീഷണി മുഴക്കിയ റിജു

തിരുവനന്തപുരം: തലസ്ഥാനത്ത് സെക്രട്ടേറിയറ്റിനു മുന്നിൽ അനിശ്ചിതകാല സമരം നടത്തുന്നവർക്ക് ഇടയിലേക്ക്
നുഴഞ്ഞുകയറാൻ ശ്രമിച്ചെന്ന ആരോപണത്തിന് മറുപടിയുമായി പാലക്കാട് പെരുവെമ്പ് സ്വദേശി കെ കെ റിജു. കഴിഞ്ഞ ദിവസം സമരക്കാർക്കിടയിൽ നിന്ന് മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യ ഭീഷണി മുഴക്കിയ റിജുവിനെതിരെ ധനമന്ത്രി തോമസ് ഐസക്ക് ഉൾപ്പെടെയുള്ളവർ രംഗത്ത് എത്തിയിരുന്നു. സമരത്തിൽ നുഴഞ്ഞു കയറി സംഘർഷമുണ്ടാക്കാൻ ഗൂഡാലോചന ചെയ്തെന്ന് ആയിരുന്നു ആരോപണം. ഇതിനു മറുപടിയുമായാണ് റിജു രംഗത്തെത്തിയത്.

താൻ സമരം ചെയ്തതാണ് പ്രശ്നമെങ്കിൽ മാറി നിൽക്കാമെന്നും റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് നിയമനം നൽകിയാൽ മതിയെന്നും റിജു പറഞ്ഞു. വയനാട് ജില്ലയിലെ ലാസ്റ്റ് ഗ്രേഡ് റാങ്ക് പട്ടികയിൽ തന്റെ ഭാര്യ സനൂജ 259 ആം റാങ്കുകാരിയാണ്. നാലും ഒൻപതും വയസുള്ള രണ്ടു പെൺകുട്ടികളുടെ അമ്മയാണ് ഭാര്യയെന്നും ഭാര്യയ്ക്ക് വീട്ടിൽ നിൽക്കേണ്ടത് കൊണ്ടാണ് പകരം താൻ സമരത്തിൽ പങ്കെടുക്കുന്നതെന്നും റിജു വ്യക്തമാക്കി.

ആകെയുള്ള വരുമാനം ചിറ്റൂരിൽ ഒരു ചെറിയ സ്ഥാപനം നടത്തുന്നതാണെന്നും ബുധനാഴ്ച നാട്ടിലേക്ക് മടങ്ങാമെന്നാണ് കരുതിയതെങ്കിലും ഇനി സമരപ്പന്തലിൽ തുടരാനാണ് തീരുമാനമെന്നും റിജു വ്യക്തമാക്കി. ഇതുവരെ വയനാട് ജില്ലയിലെ പട്ടികയിൽ നിന്ന് 185 പേരെയാണ് നിയമിച്ചത്. മുൻപട്ടികയിലെ നിയമനത്തേക്കാൾ 200 കുറവാണ് ഇത്. കെ എസ് ആർ ടി സി കണ്ടക്ടർ റാങ്ക് പട്ടികയിൽ മെയിൻ ലിസ്റ്റിൽ താൻ ഉൾപ്പെട്ടിട്ടും ജോലി ലഭിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നിലവിൽ എറണാകുളം ജില്ലയിലെ എൽ ഡി ടൈപ്പിസ്റ്റിന്റെ സപ്ലിമെന്ററി പട്ടികയിൽ ഉണ്ടെങ്കിലും ജോലി സാധ്യതയില്ലെന്നും രണ്ടു വർഷം കഴിഞ്ഞാൽ പ്രായപരിധി കഴിയുമെന്നും റിജു വ്യക്തമാക്കുന്നു. താൻ ഇത്രയും കാലമായിട്ടും ഒരു പാർട്ടിയിലും അംഗമായിട്ടില്ലെന്നും പാർട്ടിയിൽ അംഗമായാൽ പോലും റാങ്ക് പട്ടികയിൽ ഉൾപ്പെടാനോ സമരം ചെയ്യാനോ പാടില്ലേയെന്നും റിജു ചോദിക്കുന്നു. സമര പന്തലിൽ എല്ലാ പാർട്ടിക്കാരും ഉണ്ടെന്നും ഏറ്റവും കൂടുതലുള്ളത് ഇടത് അനുഭാവികൾ തന്നെയാണെന്നും കെ കെ റിജു പറഞ്ഞു.

സർക്കാർ വിചാരിച്ചാൽ അര മണിക്കൂർ കൊണ്ട് സമരം തീർക്കാമെന്നും റിജു പറയുന്നു. റാങ്ക് പട്ടികയിലെ എല്ലാവരെയും നിയമിക്കാൻ കഴിയില്ലെന്ന സർക്കാർ വാദം അംഗീകരിക്കുന്നെന്നും കഴിഞ്ഞ തവണ നടത്തിയ അത്രയും നിയമനങ്ങൾ എങ്കിലും ഉണ്ടാകണമെന്നാണ് തങ്ങളുടെ ആവശ്യമെന്നും റിജു വ്യക്തമാക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button