വെളളമാണ് കുടിക്കേണ്ടത്, കൊക്കകോളയല്ല; വേദിയിലെ കോളക്കുപ്പികള്‍ എടുത്തുമാറ്റി നീരസം പ്രകടിപ്പിച്ച് ക്രിസ്റ്റ്യാനോ
യൂറോകപ്പില്‍ കരുത്തന്‍മാരുടെ ഗ്രൂപ്പിലാണ് പോര്‍ച്ചുഗല്‍. കഴിഞ്ഞ തവണത്തെ പോലെ ഇത്തവണയും പോര്‍ച്ചുഗല്‍ കപ്പ് ഉയര്‍ത്തുമെന്ന് കരുതുന്ന ആരാധകര്‍ നിരവധിയാണ്. ജര്‍മ്മനിയും ഫ്രാന്‍സും അടങ്ങുന്ന മരണഗ്രൂപ്പില്‍ ഹംഗറിയാണ് മറ്റൊരു ടീം. ആദ്യമത്സരത്തിന് മുമ്ബെ സോഷ്യല്‍മീഡിയയില്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഒരു വീഡിയോയാണ് വൈറലാകുന്നത്. യൂറോകപ്പ് വാര്‍ത്തസമ്മേളനത്തിന് എത്തിയ ക്രിസ്റ്റ്യാനോ തന്റെ മുമ്ബില്‍ കുടിക്കാനായി വെച്ചിരുന്ന കൊക്കകോളയുടെ കുപ്പികള്‍ ആദ്യം തന്നെ നീരസത്തോടെ മാറ്റുന്ന വീഡിയോയാണ് ആരാധകര്‍ ഏറ്റെടുത്തത്.
യൂറോകപ്പില്‍ ഹംഗറിയുമായുളള ആദ്യമത്സരത്തിന് മുമ്ബെയുളള വാര്‍ത്താസമ്മേളനത്തിനാണ് ക്രിസ്റ്റാന്യോയും ടീം ഒഫീഷ്യലും എത്തിയത്. വേദിയില്‍ ഇരുവര്‍ക്കും മുമ്ബിലായി കൊക്കകോളയുടെ രണ്ട് കുപ്പികള്‍ വീതം ഉണ്ടായിരുന്നു. യൂറോ കപ്പിന്റെ ഒഫീഷ്യല്‍ സ്പോണ്‍സര്‍ കൂടിയാണ് കൊക്കകോള. എന്നാല്‍ കസേരയിലിരുന്ന റൊണാള്‍ഡോ ആദ്യം തന്നെ രണ്ടുകുപ്പി കൊക്കകോളയും എടുത്ത് മാറ്റുകയായിരുന്നു.
ക്യാമറകള്‍ക്ക് മുമ്ബില്‍ വരാത്ത വിധത്തില്‍ ദേഷ്യത്തോടെ അത് നീക്കം ചെയ്ത താരം സമീപത്തിരുന്ന കുപ്പിവെളളം എടുത്ത് ഉയര്‍ത്തി. കൂടാതെ വെളളമാണ് കുടിക്കേണ്ടത് എന്നും ചുറ്റുമുളളവരോട് പറയുന്നു. കൊക്കകോളകള്‍ അടക്കമുളള സോഫ്റ്റ് ഡ്രിങ്കുകളോട് ഒന്നും തന്നെ തനിക്ക് താത്പര്യമില്ലെന്ന കാര്യം റൊണാള്‍ഡോ നേരത്തെയും സൂചിപ്പിച്ചിരുന്നു. തന്റെ മകന്‍ ലോക ഫുട്ബോളറാകുമോ എന്ന കാര്യം കണ്ടറിയണമെന്നും അവന്‍ കോള കുടിച്ചും ക്രിസ്പുകള്‍ നുണഞ്ഞും കഴിയുന്നത് തന്നെ അസ്വസ്ഥതപ്പെടുത്തുന്നു എന്നായിരുന്നു മുന്‍പൊരിക്കല്‍ ക്രിസ്റ്റ്യാനോ പറഞ്ഞത്.
36കാരനായ താരത്തിന്റെ അഞ്ചാമത് യൂറോകപ്പാണ് ഇത്തവണത്തേത്. 2004ല്‍ ഗ്രീസിനെതിരെ ആയിരുന്നു റൊണാള്‍ഡോയുടെ യൂറോയിലെ ആദ്യഗോള്‍. 56 യൂറോ മത്സരങ്ങള്‍ കളിച്ച ക്രിസ്റ്റ്യാനോയ്ക്ക് മുന്നിലുളളത് ഇറ്റലിയുടെ ബഫണ്‍ മാത്രമാണ്. 58 മത്സരങ്ങളാണ് ബഫണ്‍ ഇറ്റലിക്കായി കളിച്ചത്.