രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ പാലാ സന്ദർശനത്തിനിടെ സുരക്ഷാ വീഴ്ച; നിയന്ത്രണം ലംഘിച്ച് ബെെക്കിലെത്തി വിഡിയോ പകർത്തി

രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ പാലാ സന്ദർശനത്തിനിടെ സുരക്ഷാ വീഴ്ചയുണ്ടായി. ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയ റോഡിലേക്ക് മൂന്ന് യുവാക്കൾ ബൈക്കിൽ കടന്നുവന്നു. ഇവർ പോലീസിനെ വെട്ടിച്ച് കടന്നുകളയുകയായിരുന്നു. ഈ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
പാലാ സെന്റ് തോമസ് കോളേജിന്റെ പ്ലാറ്റിനം ജൂബിലി സമാപന സമ്മേളനത്തിൽ രാഷ്ട്രപതി സംസാരിക്കുന്ന സമയത്താണ് റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്. എന്നാൽ, വാഹനങ്ങൾക്ക് പ്രവേശനമില്ലാത്ത ഈ റോഡിലൂടെ ഒരു ബൈക്കിൽ മൂന്ന് പേർ നിയന്ത്രണം ലംഘിച്ച് എത്തുകയായിരുന്നു. ബൈക്ക് ഓടിച്ചയാൾക്ക് മാത്രമാണ് ഹെൽമെറ്റ് ഉണ്ടായിരുന്നത്.
സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ബൈക്ക് നിരീക്ഷണത്തിലാണെന്നും ഉടൻ തന്നെ യുവാക്കളെ കസ്റ്റഡിയിലെടുക്കുമെന്നും പാലാ സി.ഐ. അറിയിച്ചു.
രാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ച് കോട്ടയം നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും പാലായിലും ശക്തമായ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. പാലാ ഏറ്റുമാനൂർ റോഡിൽ പാലാ ജനറൽ ആശുപത്രി ജംഗ്ഷനും മുത്തോലിക്കും ഇടയിൽ കർശന നിയന്ത്രണമുണ്ടായിരുന്നു. ഈ വഴിയുള്ള വാഹനങ്ങൾ വഴിതിരിച്ചുവിട്ടിരുന്നു. ഇതിനിടയിലാണ് യുവാക്കൾ നിയന്ത്രണം ലംഘിച്ച് ബൈക്കിലെത്തിയത്.
രാഷ്ട്രപതിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് ജില്ലയിൽ ശക്തമായ സുരക്ഷയാണ് പോലീസ് ഒരുക്കിയിരുന്നത്. രാഷ്ട്രപതി സന്ദർശിക്കുന്ന സ്ഥലങ്ങളെ അഞ്ച് സോണുകളായി തിരിച്ച് രണ്ട് ഡി.ഐ.ജി.മാരുടെ നേതൃത്വത്തിൽ ഏഴ് ജില്ലാ പോലീസ് മേധാവികൾക്കായിരുന്നു സുരക്ഷാച്ചുമതല. 1500-ഓളം സായുധ പോലീസുകാരെയാണ് സുരക്ഷാ ഡ്യൂട്ടിക്കായി വിന്യസിച്ചിരുന്നത്. ഇതിൽ 200-ഓളം പേർ മഫ്തിയിലുണ്ടായിരുന്നു.
Tag: Security lapse during President Draupadi Murmu’s visit to Pala; Video taken after violating restrictions at a beck



