ഉത്സവങ്ങളിലെ കെട്ടുകാഴ്ചകൾക്ക് സുരക്ഷാ നിയന്ത്രണം; വലിയ കെട്ടുകാഴ്ചകൾക്കായി ഒരുമാസം മുൻപ് അനുമതി വാങ്ങണം
സംസ്ഥാനത്ത് ഉത്സവങ്ങളിലെ വലിയ കെട്ടുകാഴ്ചകൾക്ക് പുതിയ സുരക്ഷാ നിയന്ത്രണങ്ങൾ വരുന്നു. വൈദ്യുതി സുരക്ഷ ഉറപ്പാക്കുന്നതിനായാണ് സംസ്ഥാന ഊർജവകുപ്പ് ഉത്തരവിറക്കിയത്. അനുമതി ഇല്ലാതെ വാടക കെട്ടുകാഴ്ചകൾ കൊണ്ടുവരുന്നവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യും. വലിയ കെട്ടുകാഴ്ചകൾക്കായി ഒരുമാസം മുൻപ് അനുമതി വാങ്ങണം.
വിദൂര പ്രദേശങ്ങളിൽ നിന്നുള്ള വാടക കെട്ടുകാഴ്ചകൾക്ക് നിയന്ത്രണം ബാധകമാണ്. അനിവാര്യമായ സാഹചര്യമുണ്ടെങ്കിൽ, വൈദ്യുതി ലൈനുകൾക്ക് മുട്ടാത്ത ഉയരം മാത്രമേ അനുവദിക്കൂ. പോലീസിന്റെയും കെ.എസ്.ഇ.ബിയുടെയും മുൻകൂർ അനുമതി നിർബന്ധമാണ്. വൈദ്യുതി ലൈനുകൾ അഴിച്ച് പുനഃസ്ഥാപിക്കേണ്ട സാഹചര്യമുണ്ടായാൽ ചെലവ് ഉത്സവക്കമ്മിറ്റിയാണ് വഹിക്കേണ്ടത്.
ഉത്സവ സീസണിന് ആറുമാസം മുമ്പ് തന്നെ ക്രമീകരണങ്ങൾ പൂർത്തിയാക്കണമെന്നും, ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ സമിതി രൂപീകരിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. കെട്ടുത്സവങ്ങൾ, കാവടി ഉത്സവങ്ങൾ, ഗണേശചതുർത്തി പോലുള്ള ആഘോഷങ്ങൾക്കും പുതിയ നിയമം ബാധകമാകും.
കഴിഞ്ഞ മാർച്ച് 30-ന് കെ.എസ്.ഇ.ബി സമർപ്പിച്ച വൈദ്യുതി സുരക്ഷാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഓരോ വർഷവും കെട്ടുകാഴ്ചയുടെ ഉയരം കൂട്ടുന്നത് ഒഴിവാക്കണം എന്നും ഉത്തരവിൽ പറയുന്നു.അനുമതിയില്ലാതെ വലിയ കെട്ടുകാഴ്ചകൾ കൊണ്ടുവരുന്നവർക്കെതിരെ ദുരന്തനിവാരണ നിയമം ഉൾപ്പെടെ വിവിധ നിയമങ്ങൾ പ്രകാരം നടപടി സ്വീകരിക്കുമെന്നും സർക്കാർ വ്യക്തമാക്കി.
Tag: Security restrictions for festivals; permission must be obtained one month in advance for large festivals