സുരക്ഷാ സാഹചര്യം ദുര്‍ബലം; നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സിലിന് യെമനില്‍ പോകാന്‍ അനുമതി നിഷേധിച്ച് വിദേശ കാര്യമന്ത്രാലയം

യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയെ കാണാൻ പ്രതിനിധി സംഘത്തെ യെമനിലേക്ക് അയക്കാൻ ആക്ഷൻ കൗൺസിൽ നൽകിയ അപേക്ഷ വിദേശകാര്യ മന്ത്രാലയം തള്ളി. സുപ്രീംകോടതി നിർദ്ദേശപ്രകാരം സമർപ്പിച്ച അപേക്ഷയാണ് മന്ത്രാലയം നിരസിച്ചത്. സനയിലെ സുരക്ഷാ സാഹചര്യം ദുര്‍ബലമാണെന്നും, പ്രതിനിധികളുടെ സുരക്ഷയിൽ ആശങ്കയുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
തുടർചർച്ചകൾക്കായി പ്രതിനിധികളെ യെമനിലേക്ക് അയക്കാൻ അനുമതി വേണമെന്ന് ആക്ഷൻ കൗൺസിൽ സുപ്രീംകോടതിയോട് ആവശ്യപ്പെട്ടിരുന്നു. കൗൺസിലിന്റെ ഭാഗമായ മൂന്ന് പേരും, ചര്‍ച്ചയ്ക്ക് മേൽനോട്ടം വഹിക്കുന്ന മർക്കസിൽ നിന്നുള്ള രണ്ട് പ്രതിനിധികളും അടങ്ങിയ അഞ്ചുപേരെ സംഘത്തിലുള്‍പ്പെടുത്താനും, കൂടാതെ നയതന്ത്ര പ്രതിനിധികളായ രണ്ടുപേരെയും ഉൾപ്പെടുത്താമെന്നുമായിരുന്നു നിർദ്ദേശം. ഇതിന്റെ അടിസ്ഥാനത്തിലാണ് സുപ്രീംകോടതി വിദേശകാര്യ മന്ത്രാലയത്തെ സമീപിക്കാൻ കൗൺസിലിനെ നിർദ്ദേശിച്ചത്. എന്നാൽ മന്ത്രാലയം അപേക്ഷ നിരസിച്ചു.
അനുമതി നിഷേധിക്കാൻ നാല് കാരണങ്ങളാണ് ചൂണ്ടിക്കാട്ടിയത്. ഇന്ത്യയ്ക്ക് യെമനുമായി നയതന്ത്രബന്ധങ്ങൾ ഇല്ലെന്നതും, അവിടുത്തെ സുരക്ഷാ സാഹചര്യം മോശമാണെന്നതുമാണ് പ്രധാന കാരണങ്ങൾ. കൂടാതെ, ചര്‍ച്ച കൊല്ലപ്പെട്ടയാളുടെ കുടുംബവും നിമിഷപ്രിയയുടെ കുടുംബവും തമ്മിലുള്ളതാണ് എന്നും മന്ത്രാലയം വ്യക്തമാക്കി.
അനുമതി ലഭിക്കുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നില്ലെന്ന് അഡ്വ. സുഭാഷ് ചന്ദ്രൻ ട്വന്റിഫോറിനോട് പറഞ്ഞു. തുടർച്ചയായ നിയമ പോരാട്ടത്തിനുശേഷമാണ് നിമിഷയുടെ അമ്മയ്ക്ക് യെമനിൽ പോകാൻ അനുമതി ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. “സുരക്ഷ ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിച്ചത്. എന്നാൽ, നിമിഷയുടെ അമ്മയ്ക്ക് ഇതുവരെ യാതൊരു സുരക്ഷാപ്രശ്‌നവും ഉണ്ടായിട്ടില്ല. ആയിരത്തിലധികം ഇന്ത്യക്കാർ യെമനിൽ ജീവിക്കുന്നുണ്ട്. കേസ് പരിഗണിക്കുന്ന സമയത്ത് ഇതു കോടതി മുന്നിൽ ചൂണ്ടിക്കാണിക്കും. മുൻപ് സർക്കാർ അനുമതി നിഷേധിച്ചിട്ടും, കോടതിയുടെ അനുമതിയോടെ അമ്മയ്ക്ക് യാത്ര ചെയ്യാൻ കഴിഞ്ഞിരുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.
Tag: Security situation is weak; Ministry of External Affairs denies permission to Nimishapriya Action Council to travel to Yemen