മാധ്യമപ്രവർത്തകരായ സിദ്ധാർഥ് വരദരാജനും കരൺ ഥാപറിനുമെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസ്
പ്രശസ്ത മാധ്യമപ്രവർത്തകരായ സിദ്ധാർഥ് വരദരാജനും കരൺ ഥാപറിനുമെതിരെ അസം പൊലീസ് വീണ്ടും രാജ്യദ്രോഹക്കുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്തു. മാധ്യമറിപ്പോർട്ടുകൾ രാജ്യത്തിന്റെ അഖണ്ഡതയ്ക്കെതിരെ വരില്ലെന്ന സുപ്രീംകോടതി നിരീക്ഷണത്തിന് പിന്നാലെയാണ് നടപടി ഉണ്ടായത്. ആദ്യം രജിസ്റ്റർ ചെയ്ത കേസിൽ തുടർനടപടികൾ തടയണമെന്ന കോടതി നിർദേശത്തിനുശേഷമാണ് ഇരുവരോടും ചോദ്യം ചെയ്യലിനായി ഗുവാഹത്തി ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയിരിക്കുന്നത്.
ഓഗസ്റ്റ് 22ന് ഗുവാഹത്തി പോലീസിന്റെ ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരാകാൻ ഇരുവരെയും നിർദേശിച്ചിട്ടുണ്ട്. കഴിഞ്ഞ 12-നാണ് ഇവർക്കെതിരായ ആദ്യ കേസിൽ സുപ്രീംകോടതി നിർണായക ഇടപെടൽ നടത്തിയത്. “ഓപ്പറേഷൻ സിന്ദൂർ”യിലെ പിഴവുകളെക്കുറിച്ച് ദി വയർ പ്രസിദ്ധീകരിച്ച ലേഖനമാണ് ആദ്യ എഫ്ഐആറിന്റെ പശ്ചാത്തലം. എന്നാൽ, പുതിയ കേസിനെക്കുറിച്ചുള്ള വിശദാംശങ്ങൾ പൊലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല.
എഫ്ഐആറിന്റെ അടിസ്ഥാനവും പരാതിക്കാരന്റെ വിവരങ്ങളും വ്യക്തമല്ല. വിഷയവുമായി ബന്ധപ്പെട്ട് അസം പൊലീസിന്റെ ഉന്നത ഉദ്യോഗസ്ഥരും പ്രതികരിച്ചിട്ടില്ല. രാജ്യദ്രോഹം ഉൾപ്പെടെ ആറോളം വകുപ്പുകൾ ചുമത്തി കൊണ്ടാണ് വരദരാജനും ഥാപറിനുംതിരെ കേസെടുത്തിരിക്കുന്നത്.
Tag: Sedition case filed against journalists Siddharth Varadarajan and Karan Thapar