മിന്നല്‍ പ്രളയം; യൂറോപ്പില്‍ നൂറിലേറെ മരണം.
ബര്‍ലിന്‍: പടിഞ്ഞാറന്‍ യൂറോപ്പിലെ മിന്നല്‍ പ്രളയത്തില്‍ 126 പേര്‍ മരണപ്പെട്ടതായി റിപ്പോര്‍ട്ടുള്‍. തകര്‍ത്തു പെയ്യുന്ന മഴയെ തുടര്‍ന്നുണ്ടായ മിന്നല്‍ പ്രളയത്തില്‍ നിരവധി പേരെ കാണാതായിട്ടുണ്ട്. കനത്ത നാശമാണ് മിന്നല്‍ പ്രളയത്തിലുണ്ടായത്.
മഴയില്‍ തുര്‍ക്കിയുടെ വടക്കുകിഴക്കന്‍ കരിങ്കടല്‍ തീരപ്രദേശങ്ങളില്‍ വ്യാപക നാശമുണ്ടായി. കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്നുള്ള കനത്ത മഴയാണ് പ്രളയത്തിലേക്ക് കൊണ്ടെത്തിച്ചത്. പ്രളയത്തില്‍ ജര്‍മനിയില്‍ 106 പേര്‍ മരിച്ചെന്നും 1300 പേരെ കാണാതായതായും ഔദ്യോഗിക റിപ്പോര്‍ട്ടുണ്ട്.
അതേസമയം ബല്‍ജിയത്തില്‍ 20 പേര്‍ മരണപ്പെടുകയും 20 പേരെ കാണാതായിട്ടുമുണ്ട്. കനത്ത മഴയില്‍ നെതര്‍ലന്‍ഡ്‌സിലെ തെക്കന്‍ പ്രവിശ്യയായ ലിംബര്‍ഗില്‍ തടയണ പൊട്ടി. ഇതേ തുടര്‍ന്ന് ജലാശയങ്ങളിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യമുണ്ടായി. നഗരങ്ങള്‍ വെള്ളത്തിലായതോടെ വെന്‍ലോ, വാള്‍ക്കന്‍ബര്‍ഗ് പ്രദേശങ്ങളില്‍ നിന്നും ഉദ്യോഗസ്ഥര്‍ ആളുകളെ ഒഴിപ്പിച്ചു വരികയാണ്.
നെതര്‍ലന്‍ഡ്‌സിലും സ്വിറ്റ്‌സര്‍ലന്‍ഡിലും മഴ തുടരുകയാണ്. നോര്‍ത്ത് റൈന്‍ സംസ്ഥാനത്ത് 43 പേര്‍ മരിച്ചു.യൂറോപ്പില്‍ 200 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ വെള്ളപ്പൊക്കമാണിത്.