ഖതം, ബൈ ബൈ, ടാറ്റ, ഗുഡ് ബൈ, ഗയാ എന്ന് രാഹുൽ; ഇംഗ്ലണ്ടിനെ പരിഹസിക്കാൻ രാഹുൽഗാന്ധിയുടെ വീഡിയോ ഷെയർ ചെയ്ത് സെവാഗ്

കുറിക്കു കൊള്ളുന്ന കുറിപ്പുകൾ കൊണ്ട് ശ്രദ്ധേയമായ താരമാണ് ടീം ഇന്ത്യയുടെ മുൻ ഓപണർ വീരേന്ദർ സെവാഗ്. ട്വിറ്ററിൽ സെവാഗിടുന്ന ഓരോ കുറിപ്പും വാർത്തകളിൽ നിറയാറുണ്ട്. ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റുമായി ബന്ധപ്പെട്ട് ഇത്തവണ സെവാഗ് പങ്കുവച്ചത് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ വീഡിയോയാണ്.
മോദി സ്‌റ്റേഡിയത്തിൽ ഇംഗ്ലണ്ടിന്റെ ബാറ്റിങ് നിര ചീട്ടുകൊട്ടാരം പോലെ തകർന്നതിനെ പരിഹസിക്കാനാണ് സെവാഗ് രാഹുലിനെ കടം കൊണ്ടത്. ഒരു പ്രസംഗത്തിനിടെ, ഖതം, ബൈ ബൈ, ടാറ്റ, ഗുഡ് ബൈ, ഗയാ എന്ന് രാഹുൽ പറയുന്ന വീഡിയോ ആണ് സെവാഗ് പങ്കുവച്ചത്. ഇംഗ്ലണ്ട് ബാറ്റ്‌സ്ന്മാന്മാർ വിക്കറ്റിന് അടുത്തേക്ക് വന്നപ്പോൾ എന്നാണ് സെവാഗ് വീഡിയോയ്ക്ക് തലവാചകം നൽകിയത്.
ക്ലാസിക് വീരു എന്നാണ് വീഡിയോയ്ക്ക് ഹർഭജൻ സിങ് മറുപടി നൽകിയത്. ട്വീറ്റ് ഹർഭജൻ സ്വന്തം ഹാൻഡിലിൽ പങ്കുവയ്ക്കുകയും ചെയ്തു.
അഹമ്മദാബാദിലെ മോദി സ്‌റ്റേഡിയത്തിൽ നടന്ന ഇംഗ്ലണ്ടിനെതിരെയുള്ള മൂന്നാം ടെസ്റ്റ് രണ്ട് ദിവസത്തിനുള്ളിലാണ് അവസാനിച്ചത്. പത്തുവിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം. രണ്ടാം ഇന്നിങ്സിൽ ജയിക്കാൻ 49 റൺസ് വേണ്ടിയിരുന്ന ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ വിജയത്തിലെത്തി. 15 റൺസെടുത്ത് ശുഭ്മാൻ ഗില്ലും 25 റൺസെടുത്ത രോഹിത് ശർമയും ചേർന്ന് ഇന്ത്യയെ 7.4 ഓവറിൽ വിജയത്തിലെത്തിക്കുകയായിരുന്നു. സ്‌കോർ ഇംഗ്ലണ്ട്: 112, 81. ഇന്ത്യ: 145, 49 ന് പൂജ്യം.
‘ടാറ്റ ബൈ ബൈ’; ഇംഗ്ലണ്ടിനെ പരിഹസിക്കാൻ രാഹുൽഗാന്ധിയുടെ വീഡിയോ ഷെയർ ചെയ്ത് സെവാഗ്
ടെസ്റ്റ് മത്സരത്തിനായി ഒരുക്കിയ പിച്ചിനെതിരെ വൻ വിമർശനമാണ് ഉയരുന്നത്. രണ്ടു ദിനം കൊണ്ട് കളി അവസാനിക്കുന്നത് ടെസ്റ്റ് ക്രിക്കറ്റിന് നല്ലതല്ലെന്ന് യുവരാജ് സിങ് അടക്കമുള്ള താരങ്ങൾ പ്രതികരിച്ചു.