indiaLatest NewsNationalNews

ജീവനക്കാരന്റെ ആത്മഹത്യയിൽ ഗുരുതര ആരോപണങ്ങൾ ; ഒല സിഇഒ ഭവിഷ് അഗർവാളിനെതിരെ കേസ്

മാനേജ്‌മെന്റിൽ നിന്നുള്ള നിരന്തരമായ പീഡനത്തെത്തുടർന്ന് ജീവനക്കാരൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഒല സിഇഒ ഭവിഷ് അഗർവാളിനും മറ്റ് ഉദ്യോഗസ്ഥർക്കുമെതിരെ ബെംഗളൂരു സിറ്റി പോലീസ് കേസെടുത്തു. ഒക്ടോബർ 6-ന് രജിസ്റ്റർ ചെയ്ത കേസിന്റെ വിവരങ്ങൾ ഇന്നലെ (തിങ്കളാഴ്ച) മാത്രമാണ് പുറത്തുവന്നത്.

ചിക്കലസാന്ദ്രയിൽ താമസിച്ചിരുന്ന, 38 വയസുകാരനായ കെ. അരവിന്ദ് എന്ന ജീവനക്കാരനാണ് സെപ്റ്റംബർ 28-ന് ആത്മഹത്യ ചെയ്തത്. 2022 മുതൽ ഒല ഇലക്ട്രിക്കിൽ ഹോമോലോഗേഷൻ എഞ്ചിനീയറായി ജോലി ചെയ്യുകയായിരുന്നു അദ്ദേഹം.

ഒല ഇലക്ട്രിക്കിലെ വെഹിക്കിൾ ഹോമോലോഗേഷൻസ് ആൻഡ് റെഗുലേഷൻസ് മേധാവി സുബ്രത് കുമാർ ഡാഷ്, സിഇഒ ഭവിഷ് അഗർവാൾ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർക്കെതിരെയാണ് ഭാരതീയ ന്യായ സംഹിതയുടെ (ബിഎൻഎസ്) സെക്ഷൻ 108 (ആത്മഹത്യ പ്രേരണ) പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

അരവിന്ദിന്റെ മൂത്ത സഹോദരൻ അശ്വിൻ കണ്ണൻ പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. അരവിന്ദ് 28 പേജുള്ള ഒരു മരണക്കുറിപ്പ് എഴുതിവെച്ച ശേഷമാണ് ജീവനൊടുക്കിയത്. അരവിന്ദിന്റെ മരണത്തിന് രണ്ട് ദിവസത്തിന് ശേഷം 17,46,313 രൂപ എൻഇഎഫ്റ്റി വഴി അദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെട്ടതായി കണ്ടെത്തിയിരുന്നു. ഇത്രയും വലിയ തുക അക്കൗണ്ടിലെത്തിയത് അശ്വിനിൽ സംശയമുണ്ടാക്കി.

ഇക്കാര്യം സുബ്രത് കുമാർ ഡാഷിനോട് അന്വേഷിച്ചപ്പോൾ, എച്ച്ആർ വിഭാഗവുമായി ബന്ധപ്പെടാനാണ് നിർദ്ദേശിച്ചത്. തുടർന്ന് ഒല ഇലക്ട്രിക്കിന്റെ പ്രതിനിധികളായ കൃതേഷ് ദേശായി, പരമേഷ്, റോഷൻ എന്നിവർ അരവിന്ദിന്റെ വീട്ടിലെത്തി പണമിടപാടുകളെക്കുറിച്ച് വിശദീകരിച്ചു. എന്നാൽ, പല കാര്യങ്ങളും കമ്പനി മറച്ചുവെക്കാൻ ശ്രമിക്കുന്നതായി തനിക്ക് മനസ്സിലായെന്നാണ് അശ്വിൻ പോലീസിന് നൽകിയ മൊഴിയിൽ പറയുന്നത്.

സുബ്രത് കുമാർ ഡാഷിൽ നിന്നും ഭവിഷ് അഗർവാളിൽ നിന്നും ഉണ്ടായ കടുത്ത പീഡനങ്ങളും, ശമ്പളവും മറ്റ് ആനുകൂല്യങ്ങളും തടഞ്ഞു വെച്ചതുമാണ് അരവിന്ദിനെ കടുത്ത വിഷാദത്തിലേക്ക് തള്ളിവിട്ടതെന്നും, അതാണ് സഹോദരനെ ജീവനൊടുക്കാൻ പ്രേരിപ്പിച്ചതെന്നുമാണ് അശ്വിന്റെ ആരോപണം. കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും സഹോദരന്റെ മരണത്തിൽ നീതി ലഭിക്കണമെന്നുമാണ് അശ്വിൻ ആവശ്യപ്പെടുന്നത്.

ഈ ആരോപണങ്ങൾ നിഷേധിച്ച് സുബ്രത് കുമാറോ ഭവിഷ് അഗർവാളോ ഇതുവരെ പൊതു പ്രസ്താവനകൾ ഒന്നും ഇറക്കിയിട്ടില്ല. ആദ്യം അസ്വാഭാവിക മരണത്തിനാണ് കേസ് എടുത്തതെന്നും, സഹോദരന്റെ പരാതിയുടെ പശ്ചാത്തലത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണെന്നും ബാംഗ്ലൂർ സൗത്ത് വെസ്റ്റ് ഡിസിപി അറിയിച്ചു.

Tag: Serious allegations in employee’s suicide; Case filed against Ola CEO Bhavish Agarwal

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button