keralaKerala NewsLatest News

താമരശ്ശേരി പൊലീസിനെതിരെ വീണ്ടും ഗുരുതര ആരോപണങ്ങൾ; രാത്രി കാർ തടഞ്ഞ് ദമ്പതികളെ മർദ്ദിച്ച പരാതിയിൽ കേസെടുത്തില്ലെന്ന് ​ഗുരുതര ആരോപണം

ഷിബില വധക്കേസിന് പിന്നാലെ താമരശ്ശേരി പൊലീസിനെതിരെ വീണ്ടും ഗുരുതര ആരോപണങ്ങൾ. രാത്രി കാർ തടഞ്ഞ് ദമ്പതികളെ മർദ്ദിച്ച മൂന്നു പേർക്കെതിരെ നൽകിയ പരാതിയിൽ കേസെടുത്തില്ലെന്നാണ് ആരോപണം. പണം വാങ്ങി പരാതി ഒത്തുതീർപ്പാക്കാൻ പൊലീസ് നിർബന്ധിച്ചതായും യുവതി പറഞ്ഞു. താമരശ്ശേരി ഇൻസ്പെക്ടറും എസ്.ഐയും മോശമായി പെരുമാറിയെന്നും ദമ്പതികൾ ആരോപിക്കുന്നു.

പരാതി തീർപ്പാക്കിയതായി തുണ പോർട്ടലിൽ പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. രണ്ടു വയസ്സുകാരന്റെ മുന്നിൽവച്ച് മാതാപിതാക്കളെ മൂന്നംഗം മർദ്ദിക്കുകയായിരുന്നു. സംഭവത്തിൽ മാനസികമായി തളർന്ന യുവതി ചികിത്സ തേടി. സ്ത്രീയെന്ന നിലയിൽ പൊലീസ് യാതൊരു പരിഗണനയും കാണിച്ചില്ലെന്നും, നാല് തവണ സ്റ്റേഷനിൽ എത്തി പരാതി നൽകിയിട്ടും കേസ് രജിസ്റ്റർ ചെയ്തില്ലെന്നും യുവതി വ്യക്തമാക്കി.

ഇതിന് മുമ്പ് താമരശ്ശേരിയിലെ ഷിബില വധക്കേസിൽ വീഴ്ച വരുത്തിയതിന് ഗ്രേഡ് എസ്.ഐ നൗഷാദ് കെ.കെയെ സസ്പെൻഡ് ചെയ്തിരുന്നു. എന്നാൽ പിന്നീട് കണ്ണൂർ ഡിഐജി യതീഷ് ചന്ദ്ര ഇയാളെ തിരിച്ചെടുത്തുകൊണ്ട് ഉത്തരവിട്ടിരുന്നു. ഷിബില നൽകിയ പരാതിയെ പൊലീസ് ഗൗരവമായി അന്വേഷിച്ചില്ലെന്ന ആരോപണത്തെ തുടർന്നാണ് നടപടി ഉണ്ടായത്. യാസിറിനെതിരെ പരാതി നൽകിയതിന് ശേഷം തുടർച്ചയായി സ്റ്റേഷനിൽ വിളിച്ചിരുന്നെങ്കിലും പൊലീസ് ഇടപെടാത്തതായി ഷിബിലയുടെ പിതാവ് അബ്ദുറഹ്മാൻ ആരോപിച്ചിരുന്നു. പരാതി കൈകാര്യം ചെയ്യുന്നതിൽ പൊലീസിന്റെ നിഷ്ക്രിയത്വം തെളിഞ്ഞെന്ന പരാതിയെ തുടർന്ന് മനുഷ്യാവകാശ കമ്മീഷനും കേസ് എടുത്തിട്ടുണ്ട്.

Tag: Serious allegations made against not filing a case against a couple who were beaten up after stopping their car at night

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button