കോ-ഓപറേറ്റീവ് ബോർഡ് പരീക്ഷയിൽ ഗുരുതര പിഴവ്?; ചോദ്യപേപ്പറുകൾ സീൽ പൊട്ടിയ നിലയിൽ

കോ-ഓപറേറ്റീവ് ബോർഡ് പരീക്ഷയിൽ ഗുരുതര പിഴവെന്നാരോപിച്ച് ഉദ്യോഗാർത്ഥികൾ രംഗത്ത്. കോഴിക്കോട് ചെറുവണ്ണൂർ എക്സാം സെന്ററിൽ വിതരണം ചെയ്ത ചോദ്യപേപ്പറുകൾ സീൽ പൊട്ടിയ നിലയിലായിരുന്നുവെന്നാണ് ആരോപണം. ഇതോടെ ചോദ്യപേപ്പർ ചോർച്ച നടന്നിട്ടുണ്ടോ എന്ന ആശങ്ക ഉദ്യോഗാർത്ഥികളിൽ ശക്തമായി ഉയർന്നിരിക്കുകയാണ്.
ഈ മാസം 12-ന് നടന്ന കോ-ഓപറേറ്റീവ് ബോർഡിന്റെ ജൂനിയർ തസ്തികാ പരീക്ഷയിലാണ് സംഭവം. പരീക്ഷയ്ക്ക് എത്തിയ ഉദ്യോഗാർത്ഥികൾക്ക് നൽകിയ ചോദ്യപേപ്പറുകൾ ഇതിനകം തുറന്ന നിലയിലായിരുന്നതായി അവർ പറയുന്നു. സംഭവം ചോദ്യം ചെയ്തപ്പോൾ പേപ്പറുകളുടെ എണ്ണത്തിൽ കുറവുണ്ടായിരുന്നുവെന്ന മറുപടിയാണ് എക്സാമിനർ നൽകിയതെന്നും, എന്നാൽ അതിന് വ്യക്തമായ വിശദീകരണം ലഭിച്ചില്ലെന്നും ഉദ്യോഗാർത്ഥികൾ ആരോപിച്ചു.
ചോദ്യപേപ്പറുകളുടെ എണ്ണത്തിൽ കുറവ് വന്നതും, ഒഎംആർ ഷീറ്റുകൾ അടക്കം മറ്റു സെന്ററുകളിൽ നിന്നാണ് എത്തിച്ചതെന്നതും സംശയം കൂടുതൽ ശക്തമാക്കിയിരിക്കുകയാണ്. സംഭവത്തിൽ ക്രമക്കേട് നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഉദ്യോഗാർത്ഥികൾ കോ-ഓപറേറ്റീവ് ബോർഡ് സെക്രട്ടറിക്ക് ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്. പരീക്ഷയുമായി ബന്ധപ്പെട്ട ആശങ്കകൾ ഉടൻ പരിഹരിക്കണമെന്നാണ് പരാതിയിലെ ആവശ്യം.
Tag: Serious mistake in Cooperative Board exam?; Question papers with broken seals