കേരളത്തിലെ ദേശീയപാത നിർമാണത്തിൽ ഗുരുതര വീഴ്ചകൾ; പിഎസി റിപ്പോർട്ട്
കേരളത്തിലെ ദേശീയപാത നിർമ്മാണത്തിൽ ഉണ്ടായ പിഴവുകൾക്കെതിരെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി (പിഎസി) രൂക്ഷ വിമർശനവുമായി രംഗത്തെത്തി. പാർലമെന്റിൽ സമർപ്പിച്ച റിപ്പോർട്ടിൽ, ദേശീയപാത അതോറിറ്റിയുടെ പ്രവർത്തനത്തിൽ സമഗ്ര ഓഡിറ്റ് നടത്തണമെന്നും സമിതി ശുപാർശ ചെയ്തു.
റോഡ് ഡിസൈൻ നിർണ്ണയിക്കുന്ന ഘട്ടത്തിൽ എംപിമാരുൾപ്പെടെയുള്ള ജനപ്രതിനിധികളുമായും സംസ്ഥാന വിദഗ്ധരുമായും വിശാലമായ കൂടിയാലോചന വേണമെന്ന് റിപ്പോർട്ട് നിർദേശിക്കുന്നു. കൂരിയാട് റോഡ് ഡിസൈൻ തകരാറ് ഉണ്ടായെന്ന് ദേശീയപാത അതോറിറ്റി സമ്മതിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും റിപ്പോർട്ട് ആവശ്യപ്പെടുന്നു.
വീഴ്ച വരുത്തിയ കമ്പനികളെ കരിമ്പട്ടികയിൽപ്പെടുത്തുകയും ഭാവിയിൽ കരാറുകൾ നൽകാതിരിക്കണമെന്നും പിഎസി നിർദേശിച്ചു. ഉപകരാറുകൾ വളരെ കുറഞ്ഞ തുകയ്ക്ക് നൽകുന്നതിൽ സമിതി ആശങ്ക രേഖപ്പെടുത്തി. ഉദാഹരണമായി, കടമ്പാട്ടുകോണം–കഴക്കൂട്ടം പാതയ്ക്ക് 3,684 കോടി രൂപയ്ക്കാണ് കരാർ നൽകിയതെങ്കിലും ഉപകരാർ വെറും 795 കോടിക്ക് മാത്രമാണ് നൽകിയത്. കേരളത്തിൽ ഉപകരാറുകളുടെ ശരാശരി, ടെൻഡർ തുകയുടെ 54 ശതമാനം മാത്രമാണെന്ന് സമിതി കണ്ടെത്തി.
ഉപകരാറുകളുടെ വിശദമായ വിലയിരുത്തൽ ഗതാഗത മന്ത്രാലയം നടത്തണമെന്നും, ഡിസൈൻ തയ്യാറാക്കാനും അംഗീകരിക്കാനുമുള്ള പ്രത്യേക സംവിധാനം ദേശീയപാത അതോറിറ്റിക്ക് ഒരുക്കണമെന്നും പിഎസി ശുപാർശ ചെയ്തു. ടോൾ നിശ്ചയിക്കാൻ പ്രത്യേക നിയന്ത്രണ അതോറിറ്റി രൂപീകരിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.
Tag: Serious shortcomings in the construction of national highways in Kerala; PAC report