HealthKerala NewsLatest NewsNational

അടുത്ത വെല്ലുവിളിയായി സെറോ ടൈപ് – 2 ഡെങ്കി വൈറസ്; മുന്നറിയിപ്പുമായി കേന്ദ്രസര്‍കാര്‍

അടുത്ത വെല്ലുവിളിയായി സെറോ ടൈപ് – 2 ഡെങ്കി വൈറസും. അത്യന്തം മാരകമായ പകര്‍ചവ്യാധിയായ ഈ വൈറസിനെതിരെ കേരളം ഉള്‍പെടെ 11 സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍കാര്‍ മുന്നറിയിപ്പ് നല്‍കുന്നു. വിവിധ സംസ്ഥാനങ്ങളുമായി കേന്ദ്രം നടത്തിയ കോവിഡ് അവലോകന യോഗത്തിലാണ് കേന്ദ്ര ആരോഗ്യ സെക്രടറി ഡെങ്കി വൈറസിനെതിരെ മുന്നറിയിപ്പ് നല്‍കിയത്.

മറ്റുള്ള രോഗങ്ങളേക്കാള്‍ ഏറ്റവും അപകടകാരികളാണ് സെറോ ടൈപ് – 2 ഡെങ്കി കേസുകളെന്നാണ് ആരോഗ്യ സെക്രടറി രാജേഷ് ഭൂഷണ്‍ പറയുന്നത്. ഗുരുതരമായ ഈ പ്രശ്‌നം വളരെ എളുപ്പത്തില്‍ മറികടക്കാന്‍ സംസ്ഥാനങ്ങള്‍ നേരത്തെ തന്നെ ശക്തമായ മുന്നൊരുക്കങ്ങള്‍ നടത്തണം. പനി സംബന്ധിച്ച ഹെല്‍പ് ഡെസ്‌കുകള്‍ ആരംഭിക്കണം, ടെസ്റ്റ് ചെയ്യാനുള്ള കിറ്റുകള്‍ ആവശ്യത്തിന് സ്റ്റോക് ചെയ്യണം. ഇതിന്റെ കൂടെ അവശ്യമായ മരുന്നുകളും ഉണ്ടായിരിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

കേരളത്തിന് പുറമെ ആന്ധ്രാപ്രദേശ്, ഗുജറാത്ത്, കര്‍ണാടക, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ഒഡിഷ, രാജസ്ഥാന്‍, തമിഴ്‌നാട്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലാണ് സെറോ ടൈപ് – 2 ഡെങ്കി റിപോര്‍ട് ചെയ്തിരിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് കേരളത്തിനും മുന്നറിയിപ്പ്.

അടുത്തിടെ ഉത്തര്‍പ്രദേശില്‍ ഡെങ്കിപ്പനി ബാധിച്ച്‌ കുട്ടികള്‍ ഉള്‍പെടെ നൂറിലധികം പേരാണ് മരിച്ചത്. ഫിറോസാബാദ് ജില്ലയിലാണ് രോഗബാധ കൂടുതല്‍ ബാധിച്ചത്. 12000 പേരോളമാണ് ഇവിടെ പനിബാധിച്ച്‌ ചികിത്സയിലുള്ളത്. ഇതില്‍ പലരുടെയും നില ഗുരുതരമാണ്. ഡെങ്കിപ്പനി വ്യാപകമായതിനെ തുടര്‍ന്ന് 64 ക്യാംപുകളാണ് ജില്ലയില്‍ സംഘടിപ്പിച്ചത്. ഡെങ്കിക്ക് പുറമേ ചെള്ളുപ്പനി, മലേറിയ, എലിപ്പനി തുടങ്ങിയവയും സംസ്ഥാനത്ത് നിരവധി പേരെ ബാധിച്ചിരുന്നു.

ആഘോഷ സമയങ്ങളില്‍ ജനങ്ങള്‍ കൂടിച്ചേരുന്ന സാഹചര്യങ്ങള്‍ പരമാവധി ഒഴിവാക്കണമെന്നും മാളുകള്‍, മാര്‍കെറ്റുകള്‍ ആരാധനാലയങ്ങള്‍ തുടങ്ങിയിടങ്ങളില്‍ പാലിക്കേണ്ട നിര്‍ദേശങ്ങള്‍ കര്‍ശനമായും പാലിക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button