സ്വര്‍ണക്കടത്ത് കേസ്; രഹസ്യമൊഴി നല്‍കാനുള്ള സന്ദീപ് നായരുടെ അപേക്ഷ കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ രഹസ്യമൊഴി നല്കാന് മുഖ്യപ്രതികളിലൊരാളായ സന്ദീപ് നായര്‍ സമര്‍പ്പിക്കുന്ന അപേക്ഷ സിജെഎം കോടതി ഇന്ന് പരിഗണിക്കും. എന്‍ഐഎ കോടതി രഹസ്യ മൊഴി രേഖപ്പെടുത്താന്‍ അനുമതി നല്‍കിയതിനെ തുടര്‍ന്നാണ് സിആര്‍പിസി164 പ്രകാരം മജിസ്ട്രേറ്റ് കോടതിയെ സമീപിക്കുന്നത്.
സ്വര്‍ണക്കടത്തിന്റെ മുഴുവന്‍ രഹസ്യങ്ങളും പങ്കാളികളെക്കുറിച്ചുള്ള വിവരങ്ങളും അറിയാവുന്നയാളാണു സന്ദീപ് നായര്‍. റിമാന്‍ഡ് കാലാവധി നീട്ടുന്നതിനു വീഡിയോ കോണ്‍ഫറന്‍സ് വഴി എന്‍ഐഎ കോടതിയില്‍ ഹാജരാക്കിയ വേളയിലാണ് രഹസ്യമൊഴി നല്കാന് തയാറാണെന്നു ചൂണ്ടിക്കാട്ടി അഭിഭാഷക മുഖേനെ സന്ദീപ് ഹര്‍ജി സമര്‍പ്പിച്ചത്. കേസില്‍ തനിക്കറിയാവുന്ന എല്ലാ വിവരങ്ങളും സ്വമേധയാ വെളിപ്പെടുത്താന്‍ തയാറാണെന്നു ഹര്‍ജിയില്‍ പറയുന്നു. ക്രിമിനല്‍ നടപടി നിയമം 164-ാം വകുപ്പു പ്രകാരമാണു മൊഴി നല്‍കുക. കോടതി ഇതിന് അനുമതിയും നല്കി.
കുറ്റസമ്മതം നടത്തുന്നതു കൊണ്ടു മാപ്പു സാക്ഷിയാക്കുമെന്നോ കേസില്‍ നിന്ന് ഒഴിവാക്കുമെന്നോ പ്രതീക്ഷിക്കരുതെന്നു കോടതി സന്ദീപിനോടു പറഞ്ഞു. ഇത്തരത്തിലുള്ള മൊഴി പ്രതിക്കെതിരെ ഉപയോഗിക്കാന്‍ സാധ്യതയുള്ളതാണെന്നും സമ്മതമാണെന്നും സന്ദീപ് പറഞ്ഞു. പ്രതി രഹസ്യമൊഴിയില്‍ പറയുന്ന കാര്യങ്ങളില്‍ തെളിവുണ്ടോയെന്നു കോടതിയും അന്വേഷണ ഏജന്‍സികളും പരിശോധിക്കും.