ഒഡിഷയിൽ തീവ്രന്യൂനമർദം; സംസ്ഥാനത്ത് കനത്ത മഴ
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം തീവ്രന്യൂനമർദമായി ഒഡിഷ തീരത്ത് കരയിൽ പ്രവേശിച്ചതോടെ സംസ്ഥാനത്ത് കനത്ത മഴ. കോരാപുട്ട്, മാൽക്കൻഗിരി, നബരംഗ്പൂർ, കലഹണ്ടി, രായഗഡ, ഗജപതി, കാണ്ഡമാൽ എന്നിവിടങ്ങളിലാണ് അതിർത്തിയിലേറിയ ദുരിതം. പല സ്ഥലങ്ങളിലും മണ്ണിടിച്ചിലും മരവീഴ്ചയും റിപ്പോർട്ട് ചെയ്തു. റോഡുകളും പാലങ്ങളും വെള്ളത്തിനടിയിലായി.
അറബിക്കടലിൽ തെക്കൻ ഗുജറാത്ത് തീരം മുതൽ വടക്കൻ കേരള തീരം വരെ ന്യൂനമർദ പാത്തി നിലനിൽക്കുന്നുണ്ട്. കേരളത്തിൽ അടുത്ത 5 ദിവസം ഇടത്തരം മഴയ്ക്കും, ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അടുത്ത 6 മണിക്കൂറിനുള്ളിൽ തെക്കൻ ഒഡിഷയും തെക്കൻ ഛത്തീസ്ഗഡും വഴിയായി സഞ്ചരിച്ച് ശക്തികുറഞ്ഞ ന്യൂനമർദമായി മാറാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ആന്ധ്രാപ്രദേശ്, ഒഡിഷ, ബംഗാൾ തീരങ്ങളിൽ കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് ഐഎംഡി നിർദേശം നൽകി.
Tag: Severe low pressure in Odisha; Heavy rain in the state