കന്നഡ സീരിയൽ നടിക്ക് നേരെ ലൈംഗികാതിക്രമം: മലയാളി അറസ്റ്റിൽ; അശ്ലീല സന്ദേശം അയച്ചത് നിരന്തരം
തെലുങ്ക്, കന്നഡ സീരിയലുകളിൽ സജീവമായ നടിയാണ് പരാതി നൽകിയത്

ബെംഗളൂരു: കന്നഡ സീരിയൽ നടിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ മലയാളി യുവാവ് ബെംഗളൂരുവിൽ അറസ്റ്റിലായി. വൈറ്റ്‌ഫീൽഡിൽ താമസിക്കുന്ന നവീൻ കെ. മോൻ ആണ് അറസ്റ്റിലായത്. സമൂഹമാധ്യമങ്ങൾ വഴി നടിക്ക് നിരന്തരം അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയച്ചതിനാണ് കേസ്.
തെലുങ്ക്, കന്നഡ സീരിയലുകളിൽ സജീവമായ നടിയാണ് പരാതി നൽകിയത്. നടി നേരിട്ട് വിളിച്ചു വിലക്കിയിട്ടും നവീൻ സന്ദേശമയക്കുന്നത് തുടർന്നു. അശ്ലീല ചിത്രങ്ങളും വിഡിയോയും അയച്ച് അപമാനിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. അറസ്റ്റിലായ നവീൻ ഒരു സ്വകാര്യ കമ്പനിയിലെ ഡെലിവറി മാനേജരാണ്.
ഏകദേശം മൂന്നു മാസങ്ങൾക്കുമുമ്പ് ‘നവീൻസ്’ എന്ന ഐഡിയിൽനിന്ന് ഫെയ്‌സ്‌ബുക്കിലൂടെ നടിക്ക് ഫ്രണ്ട്സ് റിക്വസ്റ്റ് വന്നിരുന്നു. റിക്വസ്റ്റ് സ്വീകരിച്ചില്ലെങ്കിലും ഇയാൾ നടിയുടെ മെസഞ്ചറിലേക്ക് ദിവസവും സ്വകാര്യ ഭാഗങ്ങളുടെ ചിത്രങ്ങൾ അയച്ചു. തുടർന്ന് നടി ഇയാളെ ബ്ലോക്ക് ചെയ്തു. എന്നാൽ, പല പുതിയ അക്കൗണ്ടുകൾ വഴിയും നവീൻ നടിക്കുനേരെ അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയക്കുന്നത് തുടർന്നു.
നവംബർ 1-ന് യുവാവ് വീണ്ടും സന്ദേശം അയച്ചപ്പോൾ, നേരിൽ കാണാൻ ആവശ്യപ്പെട്ട നടി, ഇത്തരം സന്ദേശങ്ങൾ അയയ്ക്കുന്നത് നിർത്തണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ നവീൻ ഇത് ചെവിക്കൊള്ളാൻ തയ്യാറാകാത്തതിനെത്തുടർന്ന് നടി അന്നപൂർണേശ്വരി പോലീസിൽ പരാതി നൽകുകയായിരുന്നു. അറസ്റ്റിലായ നവീൻ കെ. മോൻ നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
tag:
				


