ലൈംഗികാതിക്രമ ആരോപണം; വകുപ്പുമേധാവി ഡോ. എ.കെ. ബിസോയിയെ സസ്പെൻഡ് ചെയ്തു

ലൈംഗികാതിക്രമ ആരോപണത്തെ തുടർന്ന് എയിംസ് (ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്) കാർഡിയോ തൊറാസിക് ആൻഡ് വാസ്കുലർ സർജറി (CTVS) വകുപ്പുമേധാവി ഡോ. എ.കെ. ബിസോയിയെ സസ്പെൻഡ് ചെയ്തു.
എയിംസ് നഴ്സസ് യൂണിയൻ പ്രധാനമന്ത്രിയുടെ ഓഫീസിനും എയിംസ് ഡയറക്ടർക്കും നൽകിയ പരാതിയിലാണ് നടപടി. ഡോ. ബിസോയി നഴ്സുമാരോട് ലൈംഗികാതിക്രമ സ്വഭാവമുള്ളതും അശ്ലീലത നിറഞ്ഞതുമായ പരാമർശങ്ങൾ നടത്തിയെന്നും, പരാതിപ്പെട്ടവരെ ഭീഷണിപ്പെടുത്തിയെന്നും യൂണിയൻ ആരോപിച്ചു.
ലൈംഗികാതിക്രമം പോലുള്ള ഗുരുതര ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ ഒരു വകുപ്പുമേധാവിയെ പദവിയിൽ നിന്ന് നീക്കം ചെയ്യുന്നത് എയിംസിൽ അപൂർവമാണെന്ന് മുതിർന്ന ഡോക്ടർമാർ പറയുന്നു. വിഷയത്തിൽ അന്വേഷണം തുടരുകയാണെന്നും കേസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഇന്റേണൽ കംപ്ലെയിന്റ്സ് കമ്മിറ്റിക്ക് (ICC) കൈമാറുമെന്നും അധികൃതർ അറിയിച്ചു.
ഇതാദ്യമായല്ല ഡോ. ബിസോയിക്ക് എതിരെ ശിക്ഷാനടപടി സ്വീകരിക്കുന്നത്. 2009-ൽ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി കേന്ദ്ര ആരോഗ്യ മന്ത്രാലയം അദ്ദേഹത്തെ സസ്പെൻഡ് ചെയ്തിരുന്നു. 2012-ൽ ചികിത്സാപിഴവുമായി ബന്ധപ്പെട്ട കേസിലും, 2019-ൽ ഉണ്ടായ സമാനമായ ലൈംഗികാതിക്രമ പരാതിയിലും അദ്ദേഹത്തിന് എതിരെ ആരോപണങ്ങൾ ഉയർന്നിരുന്നു, എങ്കിലും അന്ന് നടപടി ഉണ്ടായിരുന്നില്ല.
പുതിയ കാർഡിയോ തൊറാസിക് ആൻഡ് വാസ്കുലർ സർജറി വകുപ്പുമേധാവിയായി ഡോ. വി. ദേവഗൗറൂവിനെ നിയമിച്ചിരിക്കുകയാണ്.
Tag: Sexual harassment allegations; Head of Department Dr. A.K. Bisoi suspended