Kerala NewsLatest NewsNews

‘ഷംസീറിന്റെ ഭാര്യയായതിനാല്‍ ഹോം മേക്കറായി ഇരിക്കണോ’; വേട്ടയാടുന്നുവെന്ന് സഹല

കണ്ണൂര്‍: നിയമന വിവാദവുമായി ബന്ധപ്പെട്ട് പ്രതികരിച്ച്‌ എ. എന്‍ ഷംസീര്‍ എം.എല്‍.എയുടെ ഭാര്യ ഡോ.പിഎം സഹല. യോഗ്യതയുണ്ടെങ്കില്‍ തനിക്ക് എവിടെയും അഭിമുഖത്തിന് പോകാമെന്നും ഷംസീറിന്റെ ഭാര്യയായതിനാല്‍ ഹോം മേക്കറായി കഴിയണോയെന്നും സഹല ചോദിക്കുന്നു. തന്നെ വ്യക്തിപരമായി വേട്ടയാടുകയാണെന്ന് സഹല പറഞ്ഞു. വിവാദങ്ങളെ അവജ്ഞയോടെ തള്ളിക്കളയുകയാണെന്നും സഹല മാധ്യമങ്ങളോട് പറഞ്ഞു.

കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ ജോലിക്ക് അപേക്ഷിച്ചത് അര്‍ഹതയുള്ള യോഗ്യതയുള്ളതിനാലാണെന്ന് സഹല പറഞ്ഞു.

“യോഗ്യതയുണ്ടെങ്കില്‍ എനിക്ക് പോകാം. ഇത് ആരാണ് തീരുമാനിക്കേണ്ടത്. യൂണിവേഴ്‌സിറ്റിയാണ് ആരെ തെരഞ്ഞെടുക്കണമെന്ന് തീരുമാനിക്കേണ്ടത്. ഇന്നലത്തെ അഭിമുഖം എനിക്ക് വേണ്ടി നടത്തിയതാണെന്ന് എങ്ങനെയാണ് പറയുന്നത്. എനിക്ക് ഇതുവരെ ഒരു ആനുകൂല്യങ്ങളും കിട്ടിയിട്ടില്ല. കഠിനാധ്വാനത്തിലൂടെയാണ് ഓരോന്നും നേടിയത്.

ഷംസീറിന്റെ ഭാര്യയായത് കൊണ്ടാണ് തനിക്ക് ഇത്തരം ആനുകൂല്യങ്ങള്‍ ലഭിക്കുന്നതെന്ന പ്രതിപക്ഷ ആരോപണം വളരെ തമാശയായിട്ടാണ് എനിക്ക് തോന്നുന്നത്. ഷംസീറിന്റെ ഭാര്യയായത് കൊണ്ട് ഞാന്‍ വീട്ടില്‍ ഹോം മേക്കറായി ഇരിക്കണം എന്നാണോ പറയുന്നത്.

നേരത്തെയുള്ള ആരോപണത്തില്‍ കോടതിയെ വിശ്വസിച്ചതാണ് എനിക്ക് പറ്റിയ തെറ്റ്. മുന്നിലുള്ള കേസുകള്‍ നോക്കിയാല്‍ നീതി ആര്‍ക്കും കിട്ടുന്നില്ല. ഇതില്‍ നിന്നും ഞാന്‍ പിന്മാറില്ല. ഞാന്‍ എന്തിന് മാറി നില്‍ക്കണം,” ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു സഹലയുടെ പ്രതികരണം.

വ്യക്തിഹത്യ നല്‍കുന്നവര്‍ക്കെതിരെ മാനനഷ്ടത്തിന് കേസ് നല്‍കുമെന്നും സഹല പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button