വണ്ടിപ്പെരിയാറിലേക്ക് യാത്ര; വനിതാ കമ്മീഷന്‍ അംഗത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമായി
ഇടുക്കി: വണ്ടിപ്പെരിയാറില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട ആറുവയസുകാരിയുടെ വീട്ടിലേക്ക് സന്ദര്‍ശനം നടത്താന്‍ പോയ വനിതാ കമ്മീഷന്‍ അംഗം ഷാഹിദ കമാലിന്റെ ഫേസ്ബുക്ക് പോസ്റ്റിന് കടുത്ത വിമര്‍ശനം ഉയരുന്നു. കാറില്‍ ഇരിക്കുന്ന ഷാഹിദ കമാലിന്റെ ചിത്രവും ‘ഇടുക്കി വണ്ടിപ്പെരിയാറിലേക്കുള്ള യാത്രയില്‍’ എന്ന തലവാചകവുമാണ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നത്. ഇതാണ് ഇപ്പോള്‍ വിവാദമായി മാറിയിരിക്കുന്നത്.
ഇതിനോടകം രൂക്ഷവിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തില്‍ ഷാഹിദ കമാല്‍ തന്നെ പോസ്റ്റ് പിന്‍വലിച്ചു. എന്നാല്‍ പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ട് സമൂഹമാധ്യമങ്ങളില്‍ ഇപ്പോഴും പ്രചരിക്കുകയാണ്. ഇതിനെതിരെ വിവിധ രാഷ്ട്രീയ പ്രവര്‍ത്തകര്‍ വിമര്‍ശനവുമായി മുന്നോട്ട് വന്നിട്ടുണ്ട്. തലക്കെട്ട് കണ്ടപ്പോള്‍ ഇടുക്കിയുടെ മഞ്ഞ് നുകരാന്‍ മൂന്നാറിലേക്ക് ഒരു ട്രിപ്പ് പോകാനുള്ള തയ്യാറെടുപ്പിലായിരിക്കും ഷാഹിദ കമാലെന്നാണ് ആദ്യ നോട്ടത്തില്‍ തനിക്ക് തോന്നിയതെന്നാണെന്ന് യൂത്ത് കോണ്‍ഗസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
അതേസമയം ഷാഹിദ കമലിന് യാത്ര മംഗളങ്ങള്‍ നേരുന്നു. അല്ലാതെ ഇവരോടൊക്കെ എന്ത് പറയനാണ് എന്ന് കോണ്‍ഗ്രസ് നേതാവ് വി ടി ബല്‍റാം പോസ്റ്റ് ചെയ്തിരുന്നു. ഇത്രയും സെന്‍സിറ്റിവിറ്റിയില്ലാത്ത ആര്‍ദ്രതയില്ലാത്ത വനിതാ കമ്മീഷന്‍ അംഗങ്ങളെ കേരള ജനത സഹിക്കേണ്ടതുണ്ടോ എന്നായിരുന്നു കെ എസ് ശബരീനാഥന്റെ ചോദ്യം. ഇത്തരത്തില്‍ സമൂഹമാധ്യമങ്ങള്‍ വഴിയും അല്ലാതെയും അനവധിപേരാണ് ഷാഹിദ കമാലിനെ രൂക്ഷമായി വിമര്‍ശിച്ചത്.
സംസ്ഥാനമൊട്ടാകെ വണ്ടിപ്പെരിയാറില്‍ പീഡനത്തിനിരയായി അതിക്രൂരമായ കൊല്ലപ്പെട്ട കുട്ടിയുടെ വിഷയം ചര്‍ച്ചയാകുമ്പോഴാണ് വനിതാ കമ്മീഷന്‍ അംഗം ഷാഹിദ കമാല്‍ ഇത്തരം ഒരു ഫോട്ടോ പോസ്റ്റ് ചെയ്തതിരിക്കുന്നതെന്നത് അങ്ങേയറ്റം ഘേതകരമായ കാര്യമായതിനാല്‍ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം അലയടിക്കുകയാണ്.