ഷാജൻ സ്കറിയ ആക്രമണക്കേസ്; നാല് പേർ പൊലീസ് പിടിയിൽ
യൂട്യൂബ് ചാനൽ ഉടമ ഷാജൻ സ്കറിയയെ ആക്രമിച്ച കേസിൽ നാല് പേർ പൊലീസ് പിടിയിലായി. ബെംഗളൂരുവിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് പ്രത്യേക അന്വേഷണ സംഘം ഇവരെ അറസ്റ്റ് ചെയ്തത്. ആക്രമണത്തിനുശേഷം പ്രതികൾ അന്നുതന്നെ ബെംഗളൂരുവിലേക്ക് രക്ഷപ്പെട്ടതാണെന്ന് പൊലീസ് അറിയിച്ചു. ഇവർക്കെതിരെ വധശ്രമം ഉൾപ്പെടെ നിരവധി വകുപ്പുകൾ ചുമത്തിയിട്ടുണ്ട്.
കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുമ്പോഴാണ് ഷാജൻ സ്കറിയയ്‌ക്കെതിരെ തൊടുപുഴയിൽ ആക്രമണം നടന്നത്. അഞ്ചംഗ സംഘമാണ് ആക്രമണം നടത്തിയതിൽ, നാല് പേരെയാണ് ഇതുവരെ പിടികൂടിയത്.
ഷാജൻ സഞ്ചരിച്ച വാഹനത്തിൽ പ്രതികൾ ഓടിച്ച ഥാർ ഇടിച്ചിടുകയും വാഹനം തടഞ്ഞ ശേഷം സംഘം ചേർന്ന് ആക്രമിക്കുകയും ചെയ്തു. ആക്രമികൾ സിപിഐഎം പ്രവർത്തകരാണെന്ന് ഷാജൻ തന്റെ മൊഴിയിൽ വ്യക്തമാക്കിയിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലെ ദൃശ്യങ്ങളും, അന്വേഷണത്തിൽ ലഭിച്ച വിവരങ്ങളും ചേർന്നാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ആക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അതിൽ ഷാജനെ സംഘം ചേർന്ന് മർദ്ദിക്കുന്നതും, അദ്ദേഹം പ്രതികളെ തടയാൻ ശ്രമിക്കുന്നതും വ്യക്തമായി കാണാം.
അതേസമയം, തന്നെ കൊല്ലാൻ ഉദ്ദേശിച്ചുകൊണ്ടാണ് ഈ ആക്രമണമെന്ന് ഷാജൻ മാധ്യമങ്ങളോട് പറഞ്ഞു. ആക്രമണത്തിന് നേതൃത്വം നൽകിയതും സിപിഐഎം പ്രവർത്തകനായ മാത്യൂസ് കൊല്ലപ്പള്ളിയാണെന്നും, അഞ്ച് പേരെയും തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Tag: Shajan Skaria attack case; Four people arrested by police