കേജരിവാളിനെയും പിണക്കാനൊരുങ്ങി മമത
പനാജി: ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന്റെ പ്രസക്തി നഷ്ടപ്പെട്ടുകൊണ്ടിരിക്കുമ്പോള്‍ ദേശീയ നേതാവായി സ്വയം അവരോധിക്കാന്‍ മമത ബാനര്‍ജിയുടെ ശ്രമം. ബംഗാളില്‍ ഒതുങ്ങിനില്ക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസിനെ രാജ്യത്താകമാനം വളര്‍ത്തുവാനുള്ള അക്ഷീണ യത്നത്തിലാണ് മമത. ബിജെപിയെ കാര്യമായി തൊടാതെ കോണ്‍ഗ്രസിനെ ശക്തമായി വിമര്‍ശിച്ചാണ് മമത തന്റെ സാന്നിധ്യം അറിയിക്കുന്നത്.
ഇതിനിടെ തന്റെ അടുത്ത സുഹൃത്തും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജരിവാളിനെ ശക്തമായി വിമര്‍ശിച്ചിരിക്കുകയാണ് മമത. ഡല്‍ഹിയില്‍ അണ്ണാഹസാരെ ഉള്ളതുകൊണ്ട് മാത്രം ജയിച്ച പാര്‍ട്ടിയാണ് ആം ആദ്മി പാര്‍ട്ടിയെന്നായിരുന്നു മമതയുടെ വിമര്‍ശനം. ഗോവയില്‍ ശക്തമായ പ്രവര്‍ത്തനവുമായി ആംആദ്മി പാര്‍ട്ടി രംഗത്തുണ്ട്. താന്‍ എന്തുചെയ്യണമെന്ന് നിര്‍ദേശിക്കാന്‍ എഎപി ആരാണെന്നാണ് മമത ചോദിക്കുന്നത്.
തന്നെ ഗോവയില്‍ തടയാന്‍ എഎപി രംഗത്തെത്തിയതാണ് മമതയെ ചൊടിപ്പിച്ചത്. എഎപിയുമായി ഒരു സഖ്യത്തിനും തൃണമൂല്‍ കോണ്‍ഗ്രസ് തയ്യാറല്ല എന്ന വ്യക്തമായ സന്ദേശമാണ് ഗോവയില്‍ മമത നല്‍കിയത്. മമതയെ ദേശീയ നേതാവായി വളര്‍ത്താന്‍ എഎപി ശ്രമിക്കുന്നതായും വിമര്‍ശനമുണ്ട്. മമതയുടെ മാര്‍ഗങ്ങളില്‍ തടസങ്ങളുണ്ടാക്കി മാധ്യമശ്രദ്ധ നേടിക്കൊടുക്കാനാണ് എഎപി ശ്രമിക്കുന്നതെന്നാണ് ചിലര്‍ പറയുന്നത്.