കോവിഡ് വാക്സീൻ വിജയ പഥത്തിലേക്ക് ഇന്ത്യ

ന്യൂഡൽഹി/തദ്ദേശീയ കോവിഡ് വാക്സീൻ ഗവേഷണത്തിൽ ഇന്ത്യ വിജയ പഥത്തിലേക്ക്. ഭാരത് ബയോടെക്, ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചുമായി (ഐസിഎംആർ) സഹകരിച്ചു തയാറാക്കുന്ന കോവിഡ് സാധ്യത വാക്സീനായ കോവാക്സിന് മനുഷ്യരിൽ മൂന്നാംഘട്ട പരീക്ഷണത്തിന് അനുമതി ലഭിച്ചു. ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോടെക് ഈ മാസം രണ്ടിനാണു ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയ്ക്ക് (ഡിസിജിഐ) ഇതിനായി അപേക്ഷ നൽകിയിരുന്നത്.
രാജ്യത്തെ 10 സംസ്ഥാനങ്ങളിലായി ഡൽഹി, മുംബൈ, പട്ന, ലക്നൗ അടക്കം 19 ഇടങ്ങളിൽ പരിശോധനകൾ നടത്തിയതിന്റെ പഠനറിപ്പോർട്ട് ഉൾപ്പെടെയാണു ഭാരത് ബയോടെക് മനുഷ്യരിൽ മൂന്നാംഘട്ട പരീക്ഷണത്തിന് അപേക്ഷ നൽകിയിരുന്നത്. കോവാക്സീന് പുറമെ സൈഡസ് കാഡിലയുടെ തദ്ദേശീയ വാക്സീനും ഇന്ത്യയിൽ രണ്ടാംഘട്ട ക്ലിനിക്കൽ പരീക്ഷണത്തിലാണ്. അസ്ട്രാസെനകയുമായി ചേർന്നു പുണെ ആസ്ഥാനമായ സീറം ഇൻസ്റ്റിറ്റ്യൂട്ട് തയാറാക്കുന്ന ഓക്സ്ഫഡ് സാധ്യതാ വാക്സീനും രണ്ടുംമൂന്നും ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങളിൽ എത്തി നിൽക്കുന്നു.