ഷെയിൻ വാട്സൺ ക്രിക്കറ്റിൻ്റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിച്ചു.

ഓസ്ട്രേലിയൻ താരം ഷെയ്ൻവാട്സൺ ക്രിക്കറ്റിൻ്റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിച്ചു.നേരത്തെ അന്താരാഷ്ട്ര കരിയർ അവസാനിപ്പിച്ച 39-കാരനായ വാട്ട്സൺ ഐ പി എൽ ഉൾപ്പടെ വിവിധ ട്വന്റി 20 ലീഗുകളിൽ കളിച്ചുവരികയായിരുന്നു.ഐ പി എല്ലിൻ്റെ പ്രഥമ പതിപ്പിൽ രാജസ്ഥാൻ റോയൽസിൻ്റെ താരമായിരുന്നു ഷെയ്ൻ വാട്സൺ. അന്ന് വാട്സൻ്റെ മികവിൽ ടീം കിരീടം നേടുകയും ചെയ്തു. ഈ മികവ് വാട്സണെ വീണ്ടും ഓസ്ട്രേലിയൻ ടീമിൽ സ്ഥിര സാന്നിദ്ധ്യമാക്കി.
2018-ൽ ചെന്നൈ ടീമിലെത്തിയ വാട്ട്സൺ അവർക്കൊപ്പം കിരീടം സ്വന്തമാക്കി. 2018-ൽ ഹൈദാരാബാദിനെതിരായ ഫൈനലിൽ 57 പന്തിൽ നിന്ന് 117 റൺസെടുത്ത് താരമായതും വാട്ട്സൺ തന്നെയായിരുന്നു. 2019-ലും താരം മികച്ച പ്രകടനം തന്നെ പുറത്തെടുത്തു.145 ഐ.പി.എൽ മത്സരങ്ങളിൽ നിന്ന് 3874 റൺസും 92 വിക്കറ്റുകളും നേടിയിട്ടുണ്ട്. നാലു സെഞ്ചുറിയും 21 അർധ സെഞ്ചുറിയും അദ്ദേഹം സ്വന്തമാക്കി.ഈ സീസണില്‍ 11 കളികളിലായി 299 റണ്‍സാണ് വാട്‌സണ്‍ നേടിയത്.
ചെന്നൈ സൂപ്പർ കിങ്സ് ക്യാമ്പിൽ മൂന്നു വർഷത്തോളം തുടർന്ന വാട്ട്സൺ ടീം പ്ലേ ഓഫ് കാണാതെ പുറത്തായതിനു പിന്നാലെയാണ് ഈ തീരുമാനമെടുത്തിരിക്കുന്നത്. ടീമിലെ സഹതാരങ്ങളോടാണ് വാട്ട്സൺ വിരമിക്കൽ തീരുമാനം അറിയിച്ചത്.ചെന്നൈയ്ക്കുവേണ്ടി കളിക്കാന്‍ സാധിച്ചതില്‍ വലിയ സന്തോഷമുണ്ടെന്ന് വാട്‌സണ്‍ ടീമംഗങ്ങളെയും മാനേജ്‌മെന്റിനെയും അറിയിച്ചു.