international newsLatest NewsWorld

ഷാങ്ഹായി ഉച്ചകോടി; പുടിനും പിങും മോദിയും, തമ്മിൽ ഹ്രസ്വമായ അനൗപചാരിക സംഭാഷണം

ഷാങ്ഹായി സഹകരണ സംഘടന (SCO) ഉച്ചകോടിക്ക് മുന്നോടിയായി റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിനും, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങും, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ ഹ്രസ്വമായ അനൗപചാരിക സംഭാഷണം നടന്നു. ഔദ്യോഗിക ഫോട്ടോ സെഷന് മുൻപായിരുന്നു മൂന്ന് നേതാക്കളുടെയും ഈ കൂടിക്കാഴ്ച. തുടർന്ന് മോദി, ഉച്ചകോടി വേദിയിലെത്തിയത് പുടിനൊപ്പമായിരുന്നു.

പുടിനെ കാണുന്നത് എപ്പോഴും സന്തോഷകരമാണെന്നും, ഷി ജിൻപിങുമായും പുടിനുമായും ആശയങ്ങൾ പങ്കുവെച്ചുവെന്നുമാണ് മോദി ട്വിറ്ററിൽ കുറിച്ചത്. കൂടാതെ, പുടിനെ ആലിംഗനം ചെയ്യുന്ന ഒരു ചിത്രം അദ്ദേഹം പങ്കുവെച്ചു.

ചൈനയിലെ ടിൻജിയാനിലാണ് ഉച്ചകോടി നടന്നത്. അതിന്റെ ഭാഗമായാണ് മോദിയും പുടിനും തമ്മിലുള്ള പ്രത്യേക കൂടിക്കാഴ്ച. ഇന്ത്യൻ സമയം രാത്രി 9.30-ന് ആരംഭിക്കുന്ന ഈ കൂടിക്കാഴ്ച ഏകദേശം ഒരു മണിക്കൂർ നീണ്ടുനിൽക്കുമെന്നാണ് സൂചന. റഷ്യ–യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾ, പ്രത്യേകിച്ച് വെടിനിർത്തൽ സംബന്ധിച്ച ചർച്ചകൾ, ഇതിൽ പ്രധാന വിഷയമാകും. ഇതു സംബന്ധിച്ച് താൻ പുടിനോട് സംസാരിക്കുമെന്ന് യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കിയോട് മോദി ഉറപ്പ് നൽകിയിരുന്നു. കൂടാതെ, റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്തതിനാൽ ഡോണൾഡ് ട്രംപ് ഏർപ്പെടുത്തിയിരുന്ന പിഴ തീരുവകളും ചർച്ചയിൽ ഉയർന്നേക്കും.

ഇതിനിടെ, ഇന്നലെ മോദി ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ പ്രമുഖനായ കായ് ചിയെയും, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങിനെയും, വിയറ്റ്നാം–നേപ്പാൾ പ്രധാനമന്ത്രിമാരെയും, മ്യാൻമാറിലെ സീനിയർ ജനറലിനെയും കണ്ടുമുട്ടിയിരുന്നു. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് മോദി ഇന്ത്യയിലേക്ക് മടങ്ങുന്നത്.

Tag: Shanghai Summit; Putin, Ping and Modi hold brief informal talks

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button