കര്‍ഷകസമര വേദിയില്‍ യുവാവ് കൊല്ലപ്പെട്ട നിലയില്‍
ന്യൂഡല്‍ഹി: കര്‍ഷക സമരവേദിയില്‍ അപകടങ്ങള്‍ പതിവാകുന്നു. സിങ്ഘു അതിര്‍ത്തിയിലെ കര്‍ഷകസമര വേദിയില്‍ യുവാവിനെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി. പോലീസ് ബാരിക്കേഡില്‍ കെട്ടിത്തൂക്കിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കൈ വെട്ടിമാറ്റിയ നിലയിലായിരുന്നു. കൊല്ലപ്പെട്ടയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
സിഖ് വിഭാഗത്തിലെ തീവ്രസംഘടനയായ നിഹാംഗില്‍ ഉള്‍പ്പെട്ടവരാണ് യുവാവിനെ കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. ഗുരു ഗ്രന്ഥ് സാഹിബിനെ അവഹേളിച്ചതാണ് കൊലപാതകത്തിന് കാരണമായതെന്നാണ് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
യുവാവിനെ തല്ലിക്കൊന്നശേഷം പോലീസ് ബാരിക്കേഡില്‍ മൃതദേഹം കെട്ടിത്തൂക്കിയതാലാമെന്നാണ് പോലീസ് പറയുന്നത്. കൊലപാതകം നടത്തിയതിനുശേഷമാവാം കൈ വെട്ടിമാറ്റിയതെന്നും കരുതുന്നു. വിവരമറിഞ്ഞ് സോണിപത് പോലീസ് സ്ഥലത്തെത്തി. യുവാവിന്റെ മൃതദേഹം സിവില്‍ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തെക്കുറിച്ച് പോലീസ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.