24 മണിക്കൂറിൽ 82,170 പേർക്ക് കൊവിഡ്; രോഗബാധിതർ 60 ലക്ഷം കടന്നു

ന്യൂഡൽഹി : രാജ്യാത്തെ കോവിഡ് ബാധിതരുടെ എണ്ണം 60 ലക്ഷം കടന്നു. ഇന്നലെ മാത്രം 82,170 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഇന്ത്യയിലെ വൈറസ് രോഗബാധിതരുടെ എണ്ണം 60,74,703 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1039 പേരാണ് കോവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചത്. ഇതോടെ ഇന്ത്യയിൽ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 95,542 ആയി.
രാജ്യത്ത് നിലവിൽ 9,62,640 രോഗബാധിതർ ചികിൽസയിലുണ്ട്. 5,01,6521 പേർ രോഗമുക്തരായതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.രാജ്യത്ത് 7,19,67,230 സാംപിളുകൾ പരിശോധന നടത്തി. ഇന്നലെ മാത്രം 7,09,394 സാംപിളുകൾ പരിശോധിച്ചതായി ഐസിഎംആർ അറിയിച്ചു.
ആഴ്ചകളായി പ്രതിദിന രോഗബാധയിലും മരണത്തിലും ലോകത്ത് ഇന്ത്യയാണ് മുന്നിൽ. അമേരിക്കയിൽ ഇന്നലെ 33,782 പേർക്കും ബ്രസീലിൽ 14,194 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. യഥാക്രമം 276, 335 എന്നിങ്ങനെയാണ് ഈ രാജ്യങ്ങളിൽ ഇന്നലെ രേഖപ്പെടുത്തിയ മരണനിരക്ക്. ലോകത്ത് കൊവിഡ് രോഗബാധിതരിൽ ഒന്നാമതുളള അമേരിക്കയിൽ 73.21 ലക്ഷം പേർക്കാണ് ഇതുവരെ കൊവിഡ് കണ്ടെത്തിയത്. ഇതിൽ 45.60 ലക്ഷം ആളുകൾ രോഗമുക്തി നേടി. 25.51 ലക്ഷം പേർ ഇപ്പോഴും ചികിത്സയിലാണ്. 2.09 ലക്ഷം ജനങ്ങൾക്കാണ് അമേരിക്കയിൽ കൊവിഡിനെ തുടർന്ന് ജീവൻ നഷ്ടമായത്.