ശിവശങ്കർ കുടുങ്ങുന്നു,സ്വപ്നയുടെ ബാങ്ക് ലോക്കറുകളെ കുറിച്ച് ശിവശങ്കറിന് അറിയാമായിരുന്നു.

യു എ ഇ കോൺസുലേറ്റിലേക്കുള്ള നയ തന്ത്ര ബാഗ് വഴി സ്വർണ്ണം കടത്തിയ കേസിൽ എൻ ഐ എ രണ്ടു തവണ ചോദ്യം ചെയ്ത മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം ശിവശങ്കറിനെതിരെ ചാർട്ടേർഡ് അക്കൗണ്ടന്റിന്റെ നിർണ്ണായക മൊഴി. സ്വപ്നയുടെ ബാങ്ക് ലോക്കറുകളെ കുറിച്ച് ശിവശങ്കറിന് അറിയാമായിരുന്നുവെന്നും, സ്വപ്നയുമൊത്ത് താൻ ബാങ്ക് ലോക്കറുകൾ തുറക്കാൻ പോയത് ശിവശങ്കറിന്റെ അറിവോടെയായിരുന്നുവെന്നുമാണ് ചാർട്ടേട് അക്കൗണ്ടന്റ് അന്വേഷണ സംഘത്തിന് മുന്നിൽ മൊഴി നൽകിയിരിക്കുന്നത്. സൗഹൃദത്തിനപ്പുറം പ്രതികളുമായി പ്രത്യേകിച്ച് സ്വപ്നയുമായി യാതൊരു വിധ ഇടപാടുകളും ഇല്ലെന്ന്, എൻ ഐ എ ക്ക് ശിവശങ്കരൻ നൽകിയ മൊഴി കളവാണെന്നാണ് ചാർട്ടേർഡ് അക്കൗണ്ടന്റിന്റെ മൊഴിയിൽ നിന്നും വ്യക്തമാകുന്നത്.
തിരുവനന്തപുരം നഗരത്തിലെ രണ്ട് ബാങ്കുകളിലായിരുന്ന സ്വപ്നയുടെ ബാങ്ക് അക്കൗണ്ടുകളിൽ നിന്നാണ് ഒരു കിലോ സ്വർണം അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നത്. ഇതേ ബാങ്കുകളിൽ 1 കോടിയിലധികം സ്വപ്നയുടെ നിക്ഷേപമായി ഉണ്ടായിരുന്നുവെന്നും ചാർട്ടേട് അക്കൗണ്ട് മൊഴിയിൽ പറഞ്ഞിട്ടുണ്ട്.