Editor's ChoiceKerala NewsLatest NewsNationalNews

വിജയം ജനങ്ങളുടേതാണെന്നും നാം ഒന്നായി തുടരണമെന്ന് ആഗ്രഹിക്കുന്നവരുടെ വിജയമാണിതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.

തിരുവനന്തപുരം / ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ ഉണ്ടായ തിളക്കമാർന്ന വിജയം ജനങ്ങളുടേതാണെന്നും നാം ഒന്നായി തുടരണമെന്ന് ആഗ്രഹിക്കുന്നവരുടെ വിജയമാണിതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. നാടിനെ സ്നേഹിക്കുന്നവർ നൽകിയ മറുപടിയാണ് തിരഞ്ഞെടുപ്പിലൂടെ കണ്ടത്. ഇതോടെ കുത്തിത്തിരിപ്പുകൾക്ക് കേരള രാഷ്ട്രീയത്തിൽ ഇടമില്ലെന്ന്‌ തെളിഞ്ഞിരിക്കുകയാണ്. വൈകിട്ട് ആറ് മണിക്ക് വാർത്താസമ്മേളനത്തിലൂടെയാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

11 ജില്ലാ പഞ്ചായത്തില്‍ എൽ ഡി എഫ് ജയിച്ചു. സര്‍വ തലങ്ങളിലും എല്‍ഡിഎഫ് മുന്നേറ്റം ഉണ്ടായി. ഇത് ജനങ്ങളുടെ നേട്ടമാണ്. ഒന്നായി തുടരണമെന്ന് ദൃഢനിശ്ചയം ചെയ്‌ത എല്ലാവരുടേയും നേട്ടമായി കണക്കാക്കുകയാണ് വേണ്ടത്. നേട്ടത്തെതകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് നാടു നല്‍കിയ മറുപടിയാണിത്. യുഡിഎഫ് കേരള രാഷ്ട്രീയത്തില്‍ അപ്രസ്‌ക്തമാകും. ബിജെപിയുടെ അവകാശ വാദങ്ങള്‍ തകര്‍ന്നടിഞ്ഞു. വര്‍ഗീയ ശക്തികളുടെ ഐക്യപ്പെടലുകള്‍ക്കും കുത്തിത്തിരിപ്പുകള്‍ക്കും കേരള രാഷ്ട്രീയത്തില്‍ ഇടമില്ല എന്ന് തെളിയിച്ചിരിക്കുന്നു. 2015നെ താരതമ്യം ചെയ്യുമ്പോള്‍ വലിയ മുന്നേറ്റം ഉണ്ടാക്കാന്‍ സാധിച്ചു. ഏഴ് ജില്ലാ പഞ്ചായത്തുണ്ടായിരുന്നത് 11 പഞ്ചായത്തായി. കഴിഞ്ഞ തവണ 98 ബ്ലോക്കില്‍ ജയിച്ചെങ്കില്‍ ഇക്കുറി 108 എണ്ണം ജയിച്ചു. ആറില്‍ 5 കോര്‍പറേഷനും നേടി. 941 ഗ്രാമപഞ്ചായത്തില്‍ 514 ല്‍ മേല്‍ക്കൈ നേടി. കൃത്യമായ മുന്നണി സംവിധാനത്തിലൂടെയാണ് എല്‍ഡിഎഫ് മത്സരിച്ചത്. 55 ശതമാനത്തോളം ഗ്രാമപഞ്ചായത്തില്‍ എല്‍ഡിഎഫ് വിജയിച്ചുവെന്നും മുഖ്യമന്ത്രി അറിയിച്ചു. ഒറ്റപ്പെട്ട സ്ഥലത്തല്ല എല്‍ഡിഎഫ് മുന്നേറ്റം ഉണ്ടായത്. സംസ്ഥാനത്തുടനീളം സമഗ്ര മുന്നേറ്റം ഉണ്ടായി. എല്ലാ വിഭാഗക്കാരും അതിലുണ്ട്. എല്‍ഡിഎഫിനെ വലിയ സ്വീകാര്യതയോടെയാണ് ജനം സ്വീകരിച്ചത്. യുഡിഎഫിന് ആധിപത്യമുണ്ടായ പല സ്ഥലത്തും ദയനീയമായി പരാജയപ്പെട്ടു. യുഡിഎഫ് നേതാക്കളുടെ തട്ടകത്തില്‍ പോലും എല്‍ഡിഎഫ് വിജയക്കൊടി നാട്ടി. ഒരിക്കലും കൈവിടില്ല എന്ന് കരുതിയ സ്ഥലത്താണ് അട്ടിമറി സംഭവിച്ചത്. അതിന് കാരണം ആ മുന്നണിയുടെ വിശ്വാസ്യത തകര്‍ന്നു എന്നതിന്റെ സൂചനയാണ്. ഒന്നിച്ചു നില്‍ക്കുന്നതിന് പകരം പ്രതിലോമ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിന് ജനം നല്‍കിയ ശിക്ഷയാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button