പുതിയ ഒരാൾ മത്സര രംഗത്തേക്ക് വരട്ടെ; നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് ശോഭാ സുരേന്ദ്രൻ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. മാസങ്ങൾക്ക് മുൻപ് ഇക്കാര്യത്തിൽ തീരുമാനമെടുത്ത് സംസ്ഥാന ഘടകത്തോടും അഖിലേന്ത്യാ നേതൃത്വത്തോടും അറിയിച്ചിട്ടുണ്ടെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.
എല്ലാ സമയത്തും ഒരു നേതാവ് തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്നില്ല. മറിച്ച് പാർട്ടിക്കുവേണ്ടി ചെയ്യാൻ സാധിക്കുന്ന കാര്യങ്ങൾ ചെയ്യും. പെട്ടെന്ന് എടുത്ത തീരുമാനമല്ല ഇത്. പുതിയ ഒരാൾ മത്സര രംഗത്തേക്ക് വരട്ടെ. അസംബ്ലി തെരഞ്ഞെടുപ്പിൽ അഞ്ച് തവണ മത്സരിച്ചിട്ടുണ്ടെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.
പിഎസ്‌സി ഉദ്യോഗാർത്ഥികൾക്കായുള്ള ഉപവാസത്തെ തെറ്റിദ്ധരിപ്പിക്കരുത്. സീറ്റ് മോഹത്താൽ ഉപവാസത്തിന് എത്തിയെന്നാണ് പ്രചാരണം നടക്കുന്നത്. അത് ചില മാധ്യമങ്ങൾ നടത്തുന്നതാണ്. ഒരു മണ്ഡലത്തെയും ലക്ഷ്യമിട്ടല്ല പ്രവർത്തിക്കുന്നത്. ഇത്തവണത്തെ തെരഞ്ഞെടുപ്പ് പോരാട്ടത്തിന് ഇല്ലായെന്ന് പാർട്ടിയെ അറിയിച്ചിട്ടുണ്ട്. സമരത്തിന് പാർട്ടിയുടെ പിന്തുണയുണ്ട്. പാർട്ടി നേതാക്കൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രചാരണത്തിലാണ്. അവർ സമര പന്തലിൽ വരണം എന്നില്ലെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.