കടയിൽ നിന്ന് സാധനങ്ങൾ മോഷ്ടിച്ച, മോഷ്ടാവിന് ‘മീശമാധവൻ’ പുരസ്കാരം നൽകി കടയുടമ; ചർച്ചായാക്കി സോഷ്യൽ മീഡിയ

തിരക്കേറിയ കടയിൽ നിന്ന് അതിവിദഗ്ധമായി സാധനങ്ങൾ മോഷ്ടിച്ച യുവാവിനെ തേടി കണ്ടെത്തിയ ഉടമ, ‘മീശമാധവൻ പുരസ്കാരം’ നൽകി ആദരിച്ചു. കടയ്ക്കാവൂരിലെ ഒരു ബേക്കറി ഉടമയുടെ ഈ ഉപഹാര സമർപ്പണം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്. “ജനക്കൂട്ടത്തിനിടയിൽ ആരുടെയും ശ്രദ്ധയിൽപ്പെടാതെ സാധനം അടിച്ച് മാറ്റുന്നവർ വലിയ കഠിനാധ്വാനികളാണ് — അവരുടെ കഴിവിനെ ബഹുമാനിക്കണം” എന്ന വ്യംഗ്യാഭിപ്രായത്തോടെയാണ് ഈ ‘പുരസ്കാരം’ നൽകിയതെന്ന് ഉടമ പറഞ്ഞു.
എന്നാൽ, ആ മോഷ്ടാവിന് ഈ ആദരം ജീവിതപാഠമായി മാറി. “ഇനി വഴിയിൽ സാധനം കിടന്നാലും എടുക്കില്ല,” എന്നാണ് യുവാവിന്റെ മറുപടി. മാന്യമായ വേഷം ധരിച്ച് കടയിലെത്തിയ യുവാവ് സാധനങ്ങൾ തിരയുന്നതിനിടയിൽ ഏകദേശം 500 രൂപയുടെ വിലവരുന്ന ഉൽപ്പന്നം ഒളിപ്പിച്ച് കട വിട്ടു. താൻ പറ്റിച്ച കാര്യം ആരും അറിഞ്ഞില്ലെന്ന് കരുതിയെങ്കിലും, മുഴുവൻ സംഭവവും സിസിടിവിയിൽ വ്യക്തമായി പതിഞ്ഞിരുന്നു. പിന്നീട് ദൃശ്യങ്ങൾ കണ്ട ഉടമ ആദ്യം പൊലീസിൽ പരാതി നൽകാനാണ് തീരുമാനിച്ചത്.
എന്നാൽ, ഒരു വേറിട്ട തീരുമാനമായാലോ എന്ന് ചിന്തിച്ചിടത്തുനിന്നാണ് ശിക്ഷയ്‌ക്ക് പകരം പാഠം പഠിപ്പിക്കാം എന്ന പുരസ്കാര സമർപ്പണത്തിന്റെ ആശയം ഉദിച്ചത്. സിസിടിവി ദൃശ്യത്തിൽ നിന്നുള്ള ചിത്രം പ്രിന്റ് ചെയ്ത് “മീശമാധവൻ പുരസ്കാരം” എന്ന പേരിൽ ഫലകം തയ്യാറാക്കി. ഒരു പൊന്നാടയും വാങ്ങി. തുടർന്ന് ഭാര്യയെ കൂട്ടി യുവാവിന്റെ വീട്ടിൽ നേരിട്ട് ചെന്നു.
അവിടെ പൊന്നാട അണിയിച്ച് ഫലകം കൈമാറുകയും, “അബദ്ധം പറ്റി” എന്ന് പറഞ്ഞ യുവാവിനെ “സാരമില്ല” എന്ന ചിരിയോടെ ആശ്വസിപ്പിക്കുകയും ചെയ്തു. ആ നിമിഷം ചിത്രീകരിച്ച ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി.
“കടവും വായ്പയും എടുത്താണ് ഈ ബിസിനസ് നടത്തുന്നത്. അതിനിടയിൽ ഇത്തരത്തിലുള്ള പ്രവൃത്തികൾ വലിയ നഷ്ടമുണ്ടാക്കും. അതിനാലാണ് വേറിട്ട രീതിയിൽ പ്രതികരിച്ചത്,” എന്നാണ് കടയുടമയുടെ വാക്കുകൾ.
Tag: Shopkeeper gives ‘Meesamadhavan’ award to thief who stole goods from shop; Social media is a hot topic